Kerala Weather: ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു; ഇനിയും മഴ തന്നെ !
Kerala Weather Alert in Malayalam: കാറ്റോടു കൂടിയ മഴ, മൂടി കെട്ടിയ അന്തരീക്ഷ സ്ഥിതി ഇന്നും തുടരും
Kerala Weather: സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ മഴ തുടരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ ഒഡിഷ തീരത്ത് ന്യുനമര്‍ദ്ദം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നു. അറബിക്കടലില്‍ കൊങ്കണ്‍ തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യുനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നു. ഇവയുടെ സ്വാധീനത്താല്‍ സംസ്ഥാനത്ത് ശക്തമായ മഴ തുടരും.
കാറ്റോടു കൂടിയ മഴ, മൂടി കെട്ടിയ അന്തരീക്ഷ സ്ഥിതി ഇന്നും തുടരും. ഇനിയുള്ള ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ ബുധനാഴ്ച വരെ കൂടുതല്‍ മഴ / കാറ്റ് സാധ്യത. തെക്കന്‍ ജില്ലകളില്‍ മഴയുടെ തീവ്രത കുറയും, ഒറ്റപ്പെട്ട മഴയ്ക്കു മാത്രം സാധ്യത.
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനു വിലക്ക് തുടരുന്നു.
കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച് അലര്‍ട്ട് തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ള യെല്ലോ അലര്‍ട്ട്.
പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ (കല്ലേലി & കോന്നി GD സ്റ്റേഷന്‍), മണിമല (തോണ്ട്ര സ്റ്റേഷന്‍), തൃശൂരിലെ ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍) എന്നീ നദികളില്‍ ജലസേചന വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.