ടോം ജോസഫിനെ അപമാനിച്ചത് അംഗീകരിക്കാന്‍ കഴിയില്ല; വിവാദങ്ങളെക്കുറിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അന്വേഷിക്കും: എ സി മൊയ്തീന്‍
ടോം ജോസഫിനെ പിന്തുണച്ച് മന്ത്രി മൊയ്തീന്‍ രംഗത്ത്
സംസ്ഥാന വോളിബോള്‍ അസോസിയേഷനും മുന്‍ വോളിബോള്‍ ക്യാപ്റ്റന്‍ ടോം ജോസഫും തമ്മില്‍ ഉടലെടുത്ത അഭിപ്രായഭിന്നതകളില്‍ സര്‍ക്കാര്‍ ഇടപെടുന്നു. ടോം ജോസഫ് കായികവകുപ്പ് മന്ത്രിയായ എ സി മൊയ്തീന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത്‍. പ്രശസ്തനായ ഒരു കായികതാരത്തെ അപമാനിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി എ സി മൊയ്തീന്‍ വ്യക്തമാക്കി.
വ്യക്തി താത്പര്യങ്ങള്‍ക്കായി അസോസിയേഷനെ ഉപയോഗിക്കാന്‍ അനുവദിക്കില്ല. വിവാദങ്ങളെക്കുറിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിശദമായ അന്വേഷണം നടത്തും. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ അസോസിയേഷനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ടോം ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് വോളിബോള്‍ അസോസിയേഷന്‍ താരത്തിനെതിരെ രംഗത്തെത്തിയത്. 2014-ല്‍ അര്‍ജുന അവാര്‍ഡ് ലഭിച്ചതിനെക്കുറിച്ചും കേരള ടീമിന്റെ തെരഞ്ഞെടുപ്പില്‍ നടക്കുന്ന അപാകതയെക്കുറിച്ചും ടോം ജോസഫ് തന്റെ സ്റ്റാറ്റസില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഫേസ്‌ബുക്കിലൂടെയുളള വിമര്‍ശനത്തിന് ടോം ജോസഫിനെതിരെയുളള ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു അസോസിയേഷന്‍ മറുപടി നല്‍കിയത്.