കേരളത്തില്‍ കാണാതായ ജർമൻ യുവതി ലിസ വെയ്സിനായി (31) കണ്ടെത്താന്‍ സംസ്ഥാന പൊലീസ് റോയ്‌ക്കും ഐബിക്കും ഡിജിപി ലോക്നാഥ് ബഹ്റ കത്തയച്ചു. യുവതിയെ കണ്ടെത്താന്‍ വിദേശ ഏജന്‍സികളുടെ സഹായം ലഭ്യമാക്കണമെന്നാണ് കത്തില്‍ പറയുന്ന പ്രധാന ആവശ്യം.
ലിസയുടെ കൂടെയുണ്ടായിരുന്ന യുകെ പൗരനായ മുഹമ്മദ് അലിയെ കണ്ടെത്തി ചോദ്യം ചെയ്താല്‍ മാത്രമേ അന്വേഷണം മുന്നോട്ടുപോകൂ എന്നും ഇതിനു സഹായം വേണമെന്നും കത്തില്‍ പറയുന്നുണ്ട്.
മാർച്ച് 7നു തിരുവനന്തപുരത്തു വിമാനമിറങ്ങിയ ലിസയെക്കുറിച്ച് പിന്നീട് ഒരു വിവരവുമില്ലെന്നാണ് പൊലീസിന് ലഭിച്ച പരാതി. ഇവരുടെ മാതാവ് ജർമൻ കോൺസുലേറ്റിൽ പരാതി നൽകുകയായിരുന്നു. ഇത് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയതോടെയാണ് പരാതിയിൽ നടപടി ആരംഭിച്ചത്. മാർച്ച് അഞ്ചിന് ജർമനി വിട്ട ലിസ മൂന്നരമാസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ലെന്നു കാണിച്ചാണ് അമ്മ പരാതി നൽകിയത്. കേരളത്തിൽ എത്തിയ ശേഷം ഫോൺ വിളിയോ, വിവരങ്ങളോ ഇല്ലെന്നു പരാതിയിൽ പറയുന്നു. ജർമനിയിൽ നിന്നും ദുബായ് വഴിയാണ് ഇവർ തിരുവനനന്തപുരത്ത് വിമാനമിറങ്ങിയത്.
തിരുവനന്തപുരം വിമാനത്താവളം വഴി ലിസ മടങ്ങിപ്പോയിട്ടില്ലെന്ന് വ്യക്തമായിട്ടില്ല. എന്നാൽ ലിസക്ക് ഒപ്പമെത്തിയ യുകെ പൗരൻ മുഹമ്മദ് അലി മാർച്ച് 15നു തിരികെ പോയതായും കണ്ടെത്തി. കൊച്ചിയിൽ നിന്നാണ് മുഹമ്മദ് അലി മടങ്ങിയത്. അതേസമയം, കേരളത്തിലെത്തിയ ശേഷം കാണാതായ ജര്‍മൻ വനിത സന്ദര്‍ശിക്കാൻ പദ്ധതിയിട്ടത് കൊല്ലത്തെ അമൃതാനന്ദമയിയുടെ ആശ്രമവും. ലിസയുടെയും ഒപ്പമുണ്ടായിരുന്ന മുഹമ്മദ് അലിയുടെയും യാത്രാ രേഖകളിലാണ് അമൃതപുരിയും പരാമര്‍ശിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു വിദേശവനിത ആശ്രമത്തിലെത്തിയിട്ടില്ലെന്നാണ് അമൃതപുരി അധികൃതര്‍ പറയുന്നത്.
ലിസയ്‌ക്ക് ഭീകര സംഘടനകളുമായി അടുപ്പമില്ലെന്ന് വ്യക്തമായി. തൃശൂരില്‍ ലിസയെ കണ്ടതായി ഫോണ്‍ സന്ദേശം ലഭിച്ചതനുസരിച്ച് അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും സാന്നിധ്യം കണ്ടെത്താനായില്ല. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണവും ഫലം കണ്ടിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലെ പൊലീസിനു വിവരം കൈമാറിയെങ്കിലും അന്വേഷണത്തിനു സഹായകരമായ വിവരങ്ങളൊന്നും കിട്ടിയില്ല. ഇന്റര്‍പോളിന്റെ സഹകരണത്തോടെ യെല്ലോ നോട്ടിസ് പുറത്തിറക്കിയിട്ടും ഫലമുണ്ടായില്ല.
മാര്‍ച്ച് 5ന് അമേരിക്കയിലുള്ള മക്കളുമായി വിഡിയോ കോളില്‍ സംസാരിച്ച ലിസ മാര്‍ച്ച് 10നാണ് അവസാനമായി ബന്ധുക്കളെ വിളിച്ചത്. യുകെ സ്വദേശിക്കൊപ്പം ഇന്ത്യയിലേക്ക് പോകുന്ന കാര്യം സഹോദരി കരോലിനോട് പറഞ്ഞിരുന്നു. കുറച്ചു ദിവസം ഒറ്റയ്ക്ക് കഴിയാനാണ് ഇന്ത്യയിലേക്ക് പോകുന്നതെന്നാണ് ലിസ സഹോദരിയോട് പറഞ്ഞത്. മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു ലിസയെന്നാണ് സഹോദരി വെളിപ്പെടുത്തിയത്.
ഇസ്‌ലാം ആശയങ്ങളില്‍ ആകൃഷ്ടയായി ലിസ 8 വര്‍ഷം മുമ്പ് മതം മാറിയിരുന്നു. ഈജിപ്റ്റിലെ കെയ്റോയില്‍വച്ച് കണ്ടുമുട്ടിയ ആളെ വിവാഹം ചെയ്തു. അയാളോടൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കി. 2 കുട്ടികളുണ്ട്. ഭര്‍ത്താവുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്നാണു പിന്നീട് ജര്‍മനിയിലേക്ക് പോയത്.