Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇനിമുതല്‍ പൊതു പദ്ധതികള്‍ക്ക് ഭൂമി കൈമാറുമ്പോള്‍ മുദ്ര വിലയിലും രജിസ്‌ട്രേഷന്‍ ഫീസിലും ഇളവ്

ഇനിമുതല്‍ പൊതു പദ്ധതികള്‍ക്ക് ഭൂമി കൈമാറുമ്പോള്‍ മുദ്ര വിലയിലും രജിസ്‌ട്രേഷന്‍ ഫീസിലും ഇളവ്

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 3 മെയ് 2023 (18:25 IST)
പൊതു താല്‍പര്യമുള്ള പൊതു പദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം രജിസ്‌ട്രേഷന്‍ ചെയ്യുമ്പോള്‍ മുദ്ര വിലയിലും രജിസ്‌ട്രേഷന്‍ ഫീസിലും  ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 
 
ഭൂരഹിതരായ ബി.പി.എല്‍ കാറ്റഗറിയില്‍ വരുന്ന കുടുംബങ്ങള്‍ക്ക് വീട് വയ്ക്കുന്നതിന് കേരള സ്റ്റാമ്പ് ആക്ടില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന
''കുടുംബം' എന്ന നിര്‍വ്വചനത്തില്‍ വരുന്ന ബന്ധുക്കള്‍ ഒഴികെയുള്ള ആള്‍ക്കാര്‍ ദാനമായോ വിലയ്ക്കു വാങ്ങിയോ കൊടുക്കുന്ന കുടുംബമൊന്നിന് 10 സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസ്‌ട്രേഷനാവശ്യമായ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഇളവ് നല്‍കും. 
 
ദുരന്തങ്ങളില്‍പ്പെട്ട വ്യക്തികള്‍ ദുരന്തം നടന്ന് അഞ്ചു വര്‍ഷത്തിനകം സര്‍ക്കാര്‍ ധനസഹായത്താല്‍ ഭൂമി വാങ്ങുമ്പോഴും അങ്ങനെയുള്ളവര്‍ക്ക് ബന്ധുക്കള്‍ ഒഴികെയുള്ള മറ്റാരെങ്കിലും ഭൂമി ദാനമായോ വിലയ്ക്കുവാങ്ങിയോ നല്‍കുമ്പോഴും പ്രസ്തുത പത്ത് സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസട്രേഷനാവശ്യമായ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഇളവ് നല്‍കും.
 
അനാഥരുടേയും അംഗവൈകല്യം സംഭവിച്ചവരുടെയും എയ്ഡ്‌സ്  ബാധിതരുടെയും പുനരധിവാസത്തിനും അവര്‍ക്ക് സ്‌കൂളുകള്‍ നിര്‍മ്മിക്കുന്നതിനും സൗജന്യ പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും ദാനമായി കൊടുക്കുന്ന 2 ഏക്കറില്‍ കവിയാത്ത ഭൂമിക്കും ആനുകൂല്യം ലഭിക്കും. 
 
മേല്‍പറഞ്ഞ ഇളവുകള്‍ നല്‍കി ഉത്തരവുകള്‍ പുറപ്പെടുവിപ്പിക്കുന്നതിനുള്ള അധികാരം  നികുതി വകുപ്പ് സെക്രട്ടറിക്ക് നല്‍കും.
ഉത്തരവ്  ജില്ലാ കളക്ടറുടെ ശിപാര്‍ശ പ്രകാരമായിരിക്കണം. ഇതില്‍ പെടാത്ത പൊതു താല്‍പര്യവിഷയങ്ങളില്‍  നിലവിലുള്ള നടപടിക്രമങ്ങള്‍ പാലിച്ച് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരം നടപടികള്‍ സ്വീകരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിഹാർ സ്വദേശിയുടെ കൊലപാതകം : ഭാര്യയുടെ കാമുകൻ അറസ്റ്റിൽ