കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 50,000 വരെ ആയേക്കാമെന്ന് വിലയിരുത്തല്‍. നിലവില്‍ 35,000 ത്തിനു പുറത്താണ് പ്രതിദിന രോഗികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത ദിവസങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണം 40,000 കടന്നേക്കാം. സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ടെസ്റ്റുകളുടെ എണ്ണം കൂടുമ്പോള്‍ രോഗികളുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തും.
കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകണമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെടുന്നത്. രോഗവ്യാപനം കൂടുതലുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, ഉടന്‍ ലോക്ക്ഡൗണ്‍ വേണ്ട എന്ന നിലപാടാണ് മന്ത്രിസഭായോഗത്തില്‍ എടുത്ത തീരുമാനം. അവസാന പ്രയോഗം എന്ന രീതിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. രോഗികളുടെ എണ്ണം 50,000 ത്തിലേക്ക് അടുക്കുന്നതോടെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനാണ് സാധ്യത. അടുത്ത സര്‍ക്കാരായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.