സർക്കാരിന് കനത്ത തിരിച്ചടി; ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് കൈമാറി - അന്വേഷണച്ചുമതല തിരുവനന്തപുരം യൂണിറ്റിന്
സർക്കാരിന് കനത്ത തിരിച്ചടി; ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് കൈമാറി - അന്വേഷണച്ചുമതല തിരുവനന്തപുരം യൂണിറ്റിന്
സംസ്ഥാന സർക്കാരിന്റെ ശക്തമായ എതിർപ്പ് മറികടന്ന് കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ഷുഹൈബ് വധക്കേസ് ഹൈക്കോടതി സിബിഐയ്ക്ക് കൈമാറി. സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കെമാൽപാഷയുടേതാണ് നടപടി.
അന്വേഷണത്തില്‍ കേരള പൊലീസിന്‍റെ അന്വേഷണം ഫലപ്രദമല്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. ഷുഹൈബിന്‍റെ കുടുംബ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് കേസിന്റെ അന്വേഷണച്ചുമതല. അന്വേഷണത്തിൽ സംസ്ഥാന സർക്കാർ സഹായിക്കണമെന്നും കേസ് ഡയറിയും കേസുമായി ബന്ധപ്പെട്ട മറ്റ് ഫയലുകളും ഉടൻ തന്നെ സിബിഐയ്ക്ക് കൈമാറാനും സർക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടു.
ഷുഹൈബ് വധക്കേസ് രാവിലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ തന്നെ കടുത്ത പരാമര്‍ശങ്ങളാണ് ഹൈക്കോടതിയില്‍ നിന്നുമുണ്ടായത്. സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജി നിലനിൽക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം കേസ് പരിഗണിച്ച ജസ്റ്റിസ് കെമാൽപാഷ രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെ നടത്തിയത്.
പൊലീസിന്റെ അന്വേഷണം ഫലപ്രദമല്ലെന്ന് വാക്കാൽ നിരീക്ഷിച്ച ഹൈക്കോടതി രാഷ്ട്രീയ കൊലപാതകങ്ങൾ സംസ്ഥാനത്തിന് നാണക്കേടാണെന്ന് നിരീക്ഷണം നടത്തിയിരുന്നു.
ഹൈക്കോടതിയില്‍ നിന്നുമുണ്ടായ പരാമര്‍ശങ്ങള്‍:-
ഷുഹൈബ് വധത്തിന് പിന്നില്‍ ആരാണെന്നത് എല്ലാവർക്കും അറിയാം. വിഷയത്തില്‍ ഒരു ചെറുവിരല്‍ എങ്കിലും അനക്കാന്‍ പറ്റുമോ?. എല്ലാവരും കൈകഴുകി രക്ഷപ്പെടുകയാണ്. ഷുഹൈബ് വധക്കേസിൽ പ്രതികളെ കൈയിൽ കിട്ടിയിട്ടും ആയുധങ്ങൾ കണ്ടെടുക്കാൻ പൊലീസിനാവാത്തത് ദു:ഖകരമാണ്. നീതിപൂര്‍വ്വമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസിന് പറയാനാവുമോ എന്നും കോടതി ചോദിച്ചു.
വാദത്തിനിടെ സർക്കാർ അഭിഭാഷകൻ ഈ ഹർജി പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചാണെന്ന് വാദിച്ചത് കോടതിയെ ചൊടിപ്പിച്ചു. താൻ മുമ്പും സിബിഐ അന്വേഷണങ്ങൾക്ക് ഉത്തരവിട്ടിട്ടുണ്ടെന്നും അതിനുള്ള അധികാരം കോടതിക്കുണ്ടെന്നും ജസ്റ്റീസ് കെമാൽപാഷ ഓർമിപ്പിച്ചു.