സിൽവർ ലൈൻ നടപടികൾ മരവിപ്പിച്ച് സംസ്ഥാന സർക്കാർ. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാനായി നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും അടിയന്തിരമായി തിരികെവിളിച്ചു.ഇനി റെയിൽവെ ബോർഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും പദ്ധതിയിലെ തുടർ നടപടി. സാമൂഹ്യാഘാത പഠനത്തിനുള്ള വിജ്ഞാപനവും കേന്ദ്രാനുമതി ലഭിച്ച ശേഷം മതിയെന്നാണ് തീരുമാനം.
സംസ്ഥാനത്തിൻ്റെ സ്വപ്നപദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെട്ട സിൽവർ ലൈൻ പദ്ധതിക്കായി ഭൂമിയേറ്റെടുക്കൽ നടപടികളുമായി സർക്കാർ മുന്നോട്ട് വന്നതോടെ സംസ്ഥാനത്തിൻ്റെ വിവിധയിടങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നെങ്കിലും സർവേ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയായിരുന്നു.