മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തില്‍ കൃത്യമായ ഇടവേളകളില്‍ എല്ലാ ബൂത്തുകളില്‍ നിന്നുമുള്ള വോട്ടിംഗ് ശതമാന വിവരം പോള്‍ മാനേജര്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ തത്സമയം ലഭ്യമാകും. വോട്ടെടുപ്പുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ വേഗത്തില്‍ ജില്ലാ തലത്തില്‍ ലഭ്യമാക്കാനാണ് പുതിയ സംവിധാനം.
വോട്ടെടുപ്പ് ദിവസവും അതിന് തലേന്നുമാണ് പോള്‍ മാനേജര്‍ ആപ്പ് ഉപയോഗിക്കുക. വോട്ടിംഗ് യന്ത്രങ്ങള്‍ ഏറ്റുവാങ്ങുന്നതു മുതല്‍ വോട്ടെടുപ്പ് കഴിഞ്ഞ് തിരിച്ച് ഏല്‍പ്പിക്കുന്നതു വരെയുള്ള എല്ലാ വിവരങ്ങളും ആപ്പില്‍ രേഖപ്പെടുത്തും. വോട്ടെടുപ്പ് ദിവസം കൃത്യമായ ഇടവേളകളില്‍ എല്ലാ ബൂത്തുകളില്‍ നിന്നും വോട്ടിംഗ് ശതമാനം ആപ്പിലൂടെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാം. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് ആപ്പ് വികസിപ്പിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച 21 ചോദ്യാവലികളാണ് ആപ്പിലുള്ളത്. ഇതിലൂടെ പോളിംഗ് സ്റ്റേഷനിലേക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പുറപ്പെട്ട് തിരിച്ചെത്തുന്നതു വരെയുള്ള വിവരങ്ങള്‍ ആപ്പില്‍ രേഖപ്പെടുത്തും.