ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ മുഖ്യഘട്ട ആദ്യ അലോട്ട്മെന്റും സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റും 2022 ഓഗസ്റ്റ് 5 ന് രാവിലെ 11 മണി മുതല്‍ പ്രവേശനം സാധ്യമാകുന്ന വിധത്തില്‍ പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഒന്നാം അലോട്ട്മെന്റിന്റെ പ്രവേശനം ഓഗസ്റ്റ് 5 ന് ആരംഭിച്ച് ഓഗസ്റ്റ് 10 ന് വൈകിട്ട് 5 മണിയ്ക്ക് പൂര്‍ത്തീകരിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് ഓഗസ്റ്റ് 15 ന് പ്രസിദ്ധീകരിച്ച് ഓഗസ്റ്റ് 16, 17 തീയതികളില്‍ പ്രവേശനം നടത്തും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ഓഗസ്റ്റ് 22 ന് പ്രസിദ്ധീകരിക്കും. പ്രവേശനം ഓഗസ്റ്റ് 24 ന് പൂര്‍ത്തീകരിച്ച് ഒന്നാം വര്‍ഷ ക്ലാസുകള്‍ ഓഗസ്റ്റ് 25 ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
മികവിനായുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ഖാദര്‍ കമ്മിറ്റി ശുപാര്‍ശകള്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് എന്നിവ ഏകോപിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എഡ്യൂക്കേഷന്‍ (ഡി.ജി.ഇ) സൃഷ്ടിച്ചു. നിലവില്‍ മൂന്നു ഡയറക്ടറേറ്റുകളും ഡി.ജി.ഇ യുടെ നിയന്ത്രണ പരിധിയിലാണ്. 12-ാം ക്ലാസ് വരെയുള്ള സ്‌കൂളുകളുടെ സ്ഥാപന മേധാവിയായി ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലിനെയും ഈ സ്‌കൂളിലെ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററെ വൈസ് പ്രിന്‍സിപ്പലായും നിയമിക്കും. ഇതനുസരിച്ച് കെ.ഇ.ആര്‍ -ല്‍ നിയമ/ചട്ട ഭേദഗതിയും വരുത്തിയിട്ടുണ്ട്.