‘മാണിയുടെ വരവ് ഭാവിയിൽ ഗുണം ചെയ്യും, ഇപ്പോൾ വിമർശിക്കുന്നവർ തിരുത്തേണ്ടി വരും’- ചന്ദ്രികയുടെ മുഖപ്രസംഗം
കോൺഗ്രസിനെ തകർക്കാൻ ബിജെപിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഒന്നാകും?
യു ഡി എഫിന് അവകാരപ്പെട്ട രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നേതാക്കള്‍ക്കെതിരെ മുസ്ലീംലീഗ് മുഖപത്രം ചന്ദ്രിക. ഇപ്പോള്‍ വിമര്‍ശനമുന്നയിക്കുന്നവര്‍ക്ക് പിന്നീട് തിരുത്തേണ്ടിവരുമെന്ന് ‘അടിത്തറ വികസിച്ച് ഐക്യമുന്നണി’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നു.
മാണിയുടെ മുന്നണിയിലേക്കുളള വരവ് കൊണ്ട് മതേതരവോട്ടുകളുടെ ഭിന്നിപ്പ് ഒരു പരിധി വരെ തടയാന്‍ കഴിയുമെന്നും ഇത് ഭാവിയിൽ ഗുണം ചെയ്യുമെന്നും എഡിറ്റോറിയല്‍ വിലയിരുത്തുന്നു. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ബിജെപിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പരസ്പരം സഹായിക്കാനുള്ള സാധ്യത തള്ളികളയാനാവില്ലെന്നും ലേഖനത്തിൽ പറയുന്നു.
മുന്നണിയുടെ കെട്ടുറപ്പിനായി ഘടകകക്ഷികള്‍ ഉള്‍പ്പടെ രാജ്യസഭ സീറ്റ് ത്യാഗം ചെയ്തത് വിമര്‍ശകര്‍ സൗകര്യപൂര്‍വ്വം മറക്കുകയാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.
കേരളകോണ്‍ഗ്രസ് [എം] യുഡിഎഫ് മുന്നണിയിലേക്ക് തിരികെ വന്നതിന് പിന്നാലെ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസന്‍ എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് പാര്‍ട്ടിക്കകത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.