മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ആശങ്കയില്ലാതെ, ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും വാക്‌സിനേഷന്‍ സ്വീകരിച്ചു രോഗപ്രതിരോധം തീര്‍ക്കണമെന്നും കോവിഡിനെ നമുക്ക് ഒത്തൊരുമിച്ച് മറികടക്കാമെന്നും അദ്ദേഹം പറഞ്ഞു. തൈക്കാട് ആശുപത്രിയില്‍ നിന്നാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം മന്ത്രിമാരായ കെകെ ശൈലജ, ഇ ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ വാക്സിന്‍ സ്വീകരിച്ചിരുന്നു. രാജ്യത്ത് രണ്ടാംഘട്ട വാക്സിനേഷന്‍ തിങ്കളാഴ്ച ആരംഭിച്ചിരുന്നു. 60 വയസു പിന്നിട്ടവര്‍ക്കും 45വയസിനു മുകളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കുമാണ് വാക്സിന്‍ നല്‍കുന്നത്.
ആരോഗ്യസേതു ആപ്പിലൂടെയും കൊവിന്‍ പോര്‍ട്ടലിലൂടെയും വാക്സിനായി രജിസ്ട്രേഷന്‍ നടത്താം. ദിവസവും സമയവും സ്ഥലവും തിരഞ്ഞെടുക്കാമെങ്കിലും വാക്സിന്‍ തിരഞ്ഞെടുക്കാന്‍ സാധിക്കില്ല. അതേസമയം കേരളത്തിന്‍ 21ലക്ഷം കൊവിഡ് വാക്സിന്‍ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.