അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്‌ദുള്ളക്കുട്ടിയെ കാസർകോടും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കോന്നിയിലും മത്സരിപ്പിക്കുമെന്ന് സൂചന നൽകി ബിജെപിയുടെ കറട് തിരഞ്ഞെടുപ്പ് പട്ടിക. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥരായ ടിപി സെൻകുമാർ, ജേക്കബ് തോമസ് എന്നിവരും മുൻ ഐഎസ്ആർഒ ചെയർമാൻ ജി മാധവൻ നായരും ഇത്തവണ ബിജെപി ടിക്കറ്റിൽ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.
സംഘടന ചുമതല നൽകിയതിലെ അവഗണനയിൽ പ്രതിഷേധിച്ച് പ്രവർത്തനരംഗത്ത് നിന്ന് മാറിനിൽക്കുന്ന ശോഭാ സുരേന്ദ്രൻ തിരുവനന്തപുരം കാട്ടാക്കടയിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ രണ്ടേമുക്കാൽ ലക്ഷം വോട്ട് നേടിയ ആറ്റിങ്ങൽ മണ്ഡലത്തിലെ നിയമസഭാ മണ്ഡലമാണ് കാട്ടാക്കട. അതേസമയം നേമത്ത് രാജഗോപാൽ മത്സരിക്കുന്നില്ലെങ്കിൽ പകരം കുമ്മനം രാജശേഖരൻ മത്സരിച്ചേക്കും. അതേസമയം മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച് ശ്രീഷരൻ പിള്ള സജീവ രാഷ്ട്രീയത്തിൽ തിരിച്ചെത്തിയേക്കുമെന്നും സൂചനയുണ്ട്.
അതേസമയം ബിജെപി നേതാവും സിനിമാതാരവുമായ സുരേഷ്‌ഗോപിക്കും നോട്ടമുള്ള മണ്ഡലമാണ് നേമം. എന്നാൽ സുരേഷ്‌ഗോപി തിരുവനന്തപുരം സെൻട്രലിൽ മത്സരിക്കട്ടെ എന്ന നിലപാടിലാണ് പാർട്ടി. കൊല്ലത്തും സുരേഷ് ഗോപിയെ പരിഗണിക്കുന്നുണ്ട്. ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല പാലക്കാടും ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി കുന്ദമംഗലത്തും മത്സരിച്ചേക്കും. മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം കാഞിരപ്പള്ളിയിലും മത്സരിക്കും. നേരത്തെ സിപിഎം സ്വതന്ത്രനായി അദ്ദേഹം കാഞ്ഞിരപ്പള്ളിയിൽ നിന്നും വിജയിച്ചിട്ടുണ്ട്.