കെസിയിൽ ഉറച്ച് ഹൈക്കമാൻഡ്; സതീശനു വേണ്ടി ലീഗ് കെഞ്ചുന്നു
കെ.സി.വേണുഗോപാലിൽ ഉറച്ചാണ് ഹൈക്കമാൻഡ് മുന്നോട്ടുപോകുന്നത്
Publish Date: Tue, 12 May 2026 (07:14 IST)
Updated Date: Tue, 12 May 2026 (07:56 IST)
എട്ടാം ദിവസത്തിലേക്ക് എത്തിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാതെ കോൺഗ്രസ്. നേതാക്കൾ തമ്മിൽ പോര് തുടരുമ്പോൾ മുഖ്യമന്ത്രി പ്രഖ്യാപനം സാധ്യമല്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം. കേരളത്തിലെ സ്ഥിതി ശാന്തമായ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചാൽ മതിയെന്ന് രാഹുൽ ഗാന്ധിയുടെ നിർദേശമുണ്ട്.
കെ.സി.വേണുഗോപാലിൽ ഉറച്ചാണ് ഹൈക്കമാൻഡ് മുന്നോട്ടുപോകുന്നത്. അല്ലെങ്കിൽ വേണുഗോപാൽ സ്വയം പിന്മാറണം. ജനവികാരം വി.ഡി.സതീശനു അനുകൂലമായതിനാൽ വേണുഗോപാലിനോടു മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശവാദം ഉപേക്ഷിക്കുമോ എന്ന് രാഹുൽ ഗാന്ധി ചോദിച്ചേക്കും. എന്നാൽ വേണുഗോപാൽ വഴങ്ങില്ല.
കെപിസിസി വർക്കിങ് പ്രസിഡന്റുമാരുടെ പിന്തുണയും വേണുഗോപാലിനുണ്ട്. കെ.സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള മുതിർന്ന നേതാക്കൾ കെ.സി മതിയെന്ന ഉറച്ച നിലപാടിലാണ്. മറുവശത്ത് യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ നിരുപാധികമുള്ള പിന്തുണയാണ് വി.ഡി.സതീശന്റെ ആത്മവിശ്വാസം. ലീഗിനെ ഉപയോഗിച്ച് സതീശൻ സമ്മർദ്ദം ചെലുത്തുകയാണ്. രാഹുൽ ഗാന്ധിക്കു മുന്നിൽ സതീശനായി ലീഗ് കെഞ്ചുന്നു. ചില കോൺഗ്രസ് എംഎൽഎമാരെ സമീപിച്ച് സതീശനു പിന്തുണ നൽകാമോ എന്ന് ലീഗ് നേതൃത്വം ചോദിച്ചതായും റിപ്പോർട്ടുകളുണ്ട്.