സിനിമാതാരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സാഹിത്യ അക്കാദമി പ്രസിഡന്റും പ്രശസ്ത എഴുത്തുകാരനുമായ വൈശാഖന്‍. ഫാന്‍സ് അസോസിയേഷനുകള്‍ എന്നു പറയുന്നത് വിഡ്ഢികളുടെ സമൂഹമാണെന്നും സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ ഒരു പ്രമുഖതാരം ജയിലില്‍നിന്നിറങ്ങുമ്പോള്‍ ലഡു വിതരണം ചെയ്തവരാണ് അവരെന്നും വൈശാഖന്‍ കുറ്റപ്പെടുത്തി.
കസബ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടി പാര്‍വതിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ അദ്ദേഹം ഉത്കണ്ഠ രേഖപ്പെടുത്തി. സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ എന്തെല്ലാം തരത്തിലുള്ള അധിക്ഷേപങ്ങളാണ് അവര്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ എല്ലാവരും പാര്‍വതിയോടൊപ്പം നില്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദൃശ്യമാധ്യമങ്ങളുടെ ആധിപത്യം മൂലമാണ് കേരളത്തില്‍ ഇത്തരത്തിലുള്ള സംസ്‌കാരമുണ്ടാകുന്നത്. ദൃശ്യമാധ്യമങ്ങളുടെയും സിനിമയുടെയും അതിരുകടന്നുള്ള സ്വാധീനം നമ്മുടെ സംസ്‌കാരത്തെ ജീര്‍ണിപ്പിക്കുകയാണെന്നും അതിനെതിരായ പ്രതിരോധവും അതിജീവനവുമാണ് സര്‍ഗാത്മകതയെന്നും വൈശാഖന്‍ കൂട്ടിച്ചേര്‍ത്തു.