കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനം കത്താതിരുന്നത് ഫയർ സേർറ്റി ട്രക്കുകൾ പാഞ്ഞെത്തി ഫിലിം ഫോമിങ് ഫോഗ് ഉപയോഗിച്ച് വിമാനത്തെ പൊതിനാൽ. വിമാനം റൺവേ ഒന്നിൽ പാതി താണ്ടി നില തൊട്ടതോടെ തന്നെ വിമാനത്തെ പിന്തുടരാൻ ഫയർ സേഫ്റ്റി ട്രക്കുകൾക്ക് എയർ ട്രാഫിക് കൺട്രോൾ നിർദേശം നൽകിയിരുന്നു.
ട്രക്കുകൾ ഉടൻ എത്തി ഫിലിം ഫോമിങ് ഫോഗ് ഉപയോഗിച്ച് വിമാനത്തെ മൂടി. ഇന്ധനം ലിക്കായിട്ടും തീപിടുത്തം ഉണ്ടാകാതിരുന്നതിന് കാരണം ഇതാണ്. വിമാന അപകടം ഉണ്ടായാൽ ഇന്ധനം അന്തരീക്ഷത്തിൽ ബാഷ്പീകരിയ്ക്കുന്ന തോതനുസരിച്ചാണ് തീപിടുത്തമുണ്ടാവുക. അഞ്ച് മുതൽ ഏഴ് ശതമാനം വരെ ബാഷ്‌പീകരണം നടന്നാൽ തീപിടുത്തമുണ്ടാകും ഇതിന് രണ്ടുമിനിറ്റ് മുതൽ അഞ്ച് മിനിറ്റ് വരെ മാത്രം സമയം മതി.
അതിനാലാണ് അപകടം ഉണ്ടായ വിമാനത്തിന് അരികിലേയ്ക്ക് ആദ്യ ഘട്ടത്തിൽ ആരെയും കടത്തിവിടാതെ ഫിലിം ഫോമിങ് ഫോഗ് ഉപയോഗിച്ച് തീപിടുത്തത്തിനുള്ള സാധ്യത ഇല്ലാതാക്കിയത്. ഇതിന് ശേഷമാണ് രക്ഷാ പ്രവർത്തകരെ വിമാനത്തിന് സമീപത്തേയ്ക്ക് കടത്തിവിട്ടത്. അപകടത്തിന്റെ ആദ്യ ഘട്ടത്തിൽ രക്ഷാ പ്രവർത്തകരെ കടത്തിവിട്ടില്ല എന്ന പരാതി ഉയർന്നിരുന്നു. അഗ്നി രക്ഷാ വാഹനങ്ങൾ തീപിടുത്തത്തിൽ നിന്നും വിമാനത്തെ ചെറുക്കുകയായിരുന്നു ഈ സമയം.