കണ്ണൂര്‍: മയക്കുമരുന്ന് കേസിലും സ്വര്‍ണക്കടത്തു കേസിലും ഉള്‍പ്പെടെ നിരവധി അഴിമതി ആരോപണങ്ങളിലും ഉള്‍പ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുക എന്ന ഉദ്ദേശത്തോടെയാണ് തോമസ് ഐസക് ഉണ്ടയില്ലാ വെടിവയ്ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ധനമന്ത്രി തോമസ് ഐസക് പത്രസമ്മേളനം നടത്തിയത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതി ഭരണത്തിനെതിരെ ഉയര്‍ന്നു വന്നിരിക്കുന്ന വസ്തുതകള്‍ മറച്ചു വയ്ക്കാന്‍ വേണ്ടിയാണ് എന്നും അദ്ദേഹം പറഞ്ഞു. കോടിയേരി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനില്‍ക്കുന്ന കൊണ്ട് ഒന്നും അവസാനിക്കാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രിയാണ് രാജിവയ്ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോടികളുടെ അഴിമതിയാണ് കിഫ്ബിയില്‍ നടക്കുന്നതെന്നും അത് സി.എ ജി കണ്ടെത്തുമെന്ന് പേടിച്ചാണ് തോമസ് ഐസക് പത്രസമ്മേളനം മുന്‍കൂട്ടി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ധനമന്ത്രി കരട് റിപ്പോര്‍ട്ട് പുറത്തുവിട്ടത് നിയമപരമായും ഭരണഘടനാ പരമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സി.എ ജി യുടെ ഫൈനല്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്താണ് വയ്ക്കേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു