സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ അഞ്ച് യുവതികൾ ദർശനം നടത്തിയിട്ടുണ്ടെന്ന് കനകദുർഗയും ബിന്ദുവും. മറ്റ് മൂന്ന് പേർ പരിചയക്കാരാണെന്നും ഇതിന്റെ ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ പുറത്ത് വിടുമെന്നും ഇരുവരും മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, ദേവസ്വം കമ്മീഷണറുടെ റിപ്പോർട്ട് അനുസരിച്ച് രണ്ട് യുവതികൾ മാത്രമെ ശബരിമലയിൽ ദർശനം നടത്തിയിട്ടുള്ളുവെന്നാണ് ദേവസ്വം മന്ത്രി കടംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചിരുന്നത്. നേരത്തെ 51 യുവതികൾ സന്നിധാനത്ത് ദർശനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പോലീസ് സുപ്രീം കോടതിയിൽ പട്ടിക സമർപ്പിച്ചിരുന്നു. എന്നാൽ പലരുടെയും പ്രായത്തിൽ വ്യക്തതയില്ലാത്തതിനാൽ ഈ റിപ്പോർട്ട് ക്യാൻസൽ ചെയ്യുകയായിരുന്നു.
ശബരിമല ദർശനം നടത്തിയതിന്റെ പേരിൽ കനകദുർഗയെ ഒറ്റപ്പെടുത്താനുള്ള നീക്കം കുടുംബപ്രശ്നമാക്കി മാറ്റാൻ ശ്രമം നടക്കുന്നതായി ബിന്ദുവും കനകദുർഗയും ആരോപിച്ചു. ബിജെപിയും മറ്റുചില സംഘടനകളും സഹോദരനെ മറയാക്കി നടന്നതെല്ലാം കുടുംബപ്രശ്നം മാത്രമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണെന്ന് ഇരുവരും പത്രസമ്മേളനത്തിൽ ആരോപിച്ചു.