‘കോടികള്‍ ഉടനെ കയ്യില്‍ വരും’, കമ്പകക്കാനം കൂട്ടക്കൊല നിധിയെ ചൊല്ലി ? - ആരാണ് ആ ബിസിനസ് ചീഫ് ?
‘കോടികള്‍ ഉടനെ കയ്യില്‍ വരും’, കമ്പകക്കാനം കൂട്ടക്കൊല നിധിയെ ചൊല്ലി ? - ആരാണ് ആ ബിസിനസ് ചീഫ് ?
തൊടുപുഴ കമ്പകക്കാനത്ത് നടന്ന കൂട്ടക്കൊലയില്‍ പൊലീസ് കസ്‌റ്റഡിയിലെടുത്ത ഷിബുവിന്‍റെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്. കോടികള്‍ ഉടനെ കയ്യില്‍ വരുമെന്നും ബിസിനസ് ചീഫിന് കൊടുക്കാന്‍ പണം കടം തരണമെന്നുമാണ് സുഹൃത്തുമായുള്ള സംഭാഷണത്തില്‍ ഷിബു പറയുന്നത്.
കൊല്ലപ്പെട്ട കൃഷ്‌ണന്‍ ആഭിചാരക്രീയകള്‍ ചെയ്യുകയും നിധി കണ്ടെത്തി തരാമെന്ന് വാഗ്ദാനം ചെയ്‌ത് പലരില്‍ നിന്നും പൂജയുടെ പേരില്‍ പണം വാങ്ങിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്ന ഷിബുവിന് കൃഷ്‌ണനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയിക്കപ്പെടുന്നു.
നിധി കണ്ടെത്തി തരാമെന്ന് വാഗ്ദാനം ചെയ്‌ത് കൃഷ്‌ണന്‍ പലയിടങ്ങളിലും പോയി മന്ത്രവാദം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതുമായി ബന്ധപ്പെട്ട് പണം മുടക്കിയ ചിലര്‍ക്ക് ഇയാളുമായി ശത്രുതയുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി. കമ്പകക്കാനത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് നീക്കം.
കൊല്ലപ്പെട്ട കൃഷ്ണന്റെ അടുപ്പക്കാരനായ നെടുങ്കണ്ടം സ്വദേശിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കൊല നടന്ന വീടിനുള്ളില്‍ നിന്ന് ആറുപേരുടെ വിരലടയാളങ്ങള്‍ കണ്ടെത്തുകയും ഇത് കൊലയാളികളുടേതാണെന്ന് പൊലീസ് സംശയിക്കുന്നതായും വ്യക്തമാക്കി.