കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക്?; ബിജെപിയിൽ പിടിമുറുക്കി മുരളീധര പക്ഷം
കേരളത്തെപ്പറ്റിയും ഇവിടുത്തെ നേതാക്കളെപ്പറ്റിയും നല്ല ധാരണയുള്ളയാളെന്ന നിലയിൽ പാർട്ടിയുടെ സംസ്ഥാന വിഷയങ്ങളിൽ സന്തോഷിന്റെ നിലപാടുകൾ നിർണായകമാകും.
ബിജെപി സംസ്ഥാന ഭാരവാഹി പുനസംഘടനയിൽ കെ സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റാവാനുള്ള സാധ്യത ഏറി. ബിജെപി സംഘടനാ ജനറൽ സെക്രട്ടറിയായി ബി എം സന്തോഷ് നിയമിതനായത് കേരളത്തിൽ വി മുരളീധര പക്ഷത്തിന് വൻ നേട്ടമായി. കേരളത്തെപ്പറ്റിയും ഇവിടുത്തെ നേതാക്കളെപ്പറ്റിയും നല്ല ധാരണയുള്ളയാളെന്ന നിലയിൽ പാർട്ടിയുടെ സംസ്ഥാന വിഷയങ്ങളിൽ സന്തോഷിന്റെ നിലപാടുകൾ നിർണായകമാകും.
കേരളത്തിലെ ജില്ലാതല നേതാക്കളെപ്പോലും അടുത്ത പരിചയമുള്ള സന്തോഷിന് പാർട്ടി പുനസംഘടനയിലും കൃത്യമായ ധാരണയുണ്ടാകും. ബിജെപി ദക്ഷിണേന്ത്യാ സംഘടനാ സെക്രട്ടറിയായിരുന്ന സന്തോഷ് സംസ്ഥാന പ്രസിഡന്റായി സുരേന്ദ്രനെ കൊണ്ടുവരാൻ നേരത്തെ പരിശ്രമിച്ചിരുന്നു. കുമ്മനം രാജശേഖരനെ പെട്ടന്ന് ഗവർണറാക്കിയത് ഇതിനാണെന്ന് പാർട്ടിയിൽ ആക്ഷേപം ഉയരുകയും ചെയ്തു. ഇതിന്റെ പേരിൽ തൃശ്ശൂരിൽ ചേർന്ന ഒരു യോഗത്തിൽ കൃഷ്ണദാസ് പക്ഷവും ആർഎസ്എസ് സംസ്ഥാന നേതൃത്വവും സന്തോഷിനെ നിശിതമായി വിമർശിച്ചിരുന്നു.
മുൻപ് തങ്ങൾ കടുത്ത വിമർശനം ഉന്നയിച്ചയാൾ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പദവിയിലെത്തിയത് കൃഷ്ണദാസ് പക്ഷവും സംസ്ഥാന ആർഎസ്എസ് നേതൃത്വവും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഇത് ദോഷമാകുമോയെന്ന് ആശങ്ക കൃഷ്ണദാസ് പക്ഷത്തിനുണ്ട്.