വടകര വിട്ട് തൃശൂര്‍ പോയത് വലിയ തെറ്റ്: കെ.മുരളീധരന്‍
എന്ത് തീരുമാനമെടുക്കുമ്പോഴും ഇനി നന്നായി ആലോചിച്ചിട്ടേ ചെയ്യൂ. ഒരാള്‍ക്ക് എതിരെയും പരാതിയില്ല
തൃശൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ തെറ്റുകാരന്‍ താന്‍ തന്നെയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ഉറപ്പായും ജയിക്കുമായിരുന്ന വടകര വിട്ട് തൃശൂര്‍ മത്സരിക്കാന്‍ പോയതാണ് തെറ്റെന്നും മുരളീധരന്‍ പറഞ്ഞു. ട്വന്റിഫോര്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
' ജയിക്കുമായിരുന്ന വടകര വിട്ട് തൃശൂര് മത്സരിച്ചതാണ് തെറ്റ്. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടമെന്ന നിലയിലാണ് ഞാന്‍ അതിനെ കണ്ടത്. അതിനു തയ്യാറെടുത്താണ് തൃശൂര് പോയത്. അതില്‍ ജയിക്കാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ട്. പക്ഷേ വര്‍ഗീയതയോട് ഒരു വിട്ടുവീഴ്ചയ്ക്കും ഇപ്പോഴും തയ്യാറല്ല,' മുരളി പറഞ്ഞു.
എന്ത് തീരുമാനമെടുക്കുമ്പോഴും ഇനി നന്നായി ആലോചിച്ചിട്ടേ ചെയ്യൂ. ഒരാള്‍ക്ക് എതിരെയും പരാതിയില്ല. തൃശൂരിലെ തോല്‍വി അന്വേഷിക്കാന്‍ ഒരു കമ്മീഷന്റെ ആവശ്യവുമില്ല. അത് കൂടുതല്‍ വഴക്ക് ഉണ്ടാകാന്‍ കാരണമാകും. സംഘടനയ്ക്കു അത് നല്ലതല്ല. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ തോറ്റതിന്റെ വികാര പ്രകടനമായി കണ്ടാല്‍ മതി. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ് വരുമ്പോള്‍ കേരളത്തില്‍ ഉടനീളം പ്രചാരണത്തിനു ഉണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.