ജിഷ്ണു ഇല്ലാതായിട്ട് മൂന്ന് മാസം, കുറ്റപത്രം നൽകിയിട്ടില്ല; പൊലീസിന്റെ നാടകം തുടരുന്നു?
ജിഷ്ണുവിന് എന്ന് കിട്ടും നീതി?
പാമ്പാടി നെഹ്റു കോളജിലെ എൻജിനീയറിങ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രാണോയിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ ഇതുവരെ പൊലീസിനായിട്ടില്ല. ജിഷ്ണുവിന്റെ മരണുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസിന്റെ നാടകം ഇപ്പോഴും തുടരുകയാണ്.
വ്യാഴാഴ്ച ജിഷ്ണുവിന്റെ മരണത്തിന് മൂന്ന് മാസം തികയുമ്പോഴും ഇതുവരെ പൊലീസ് കുറ്റപത്രം സമർപ്പിക്കുകയോ കൊലക്കുറ്റം ചുമത്താനുള്ള നടപടികളിലേക്ക് കടക്കുകയോ ചെയ്തിട്ടില്ലെന്നത് അവിശ്വസനീയമായ കാര്യമാണ്. കൊലപാതകക്കുറ്റം ചുമത്താനുള്ള സാധ്യത തിരയുകയാണെന്ന പല്ലവി ആവർത്തിക്കുകയാണ് പൊലീസ് ഇപ്പോഴും.
പൊലീസ് പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് തുടക്കം മുതൽ ആരോപണങ്ങൾ ഉയർന്നിരുന്നു. ദിവസങ്ങൾ കഴിയും തോറും ആ ആക്ഷേപത്തിന്റെ ആക്കം കൂടിയിട്ടേ ഉള്ളു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അട്ടിമറിച്ചു, മർദനമേറ്റ പാടുകൾ പരാമർശിക്കാതെ റിപ്പോർട്ടും ഇൻക്വസ്റ്റും തയാറാക്കി തുടങ്ങി ഗുരുതര ആക്ഷേപങ്ങൾ പൊലീസിനെതിരെ ഉയർന്നിരുന്നു.
പൊലീസിന്റെ നിലപാടിൽ പ്രതിഷേധിച്ച് ബന്ധുക്കൾ ബുധനാഴ്ച ഡി ജി പി ഓഫിസിനു മുന്നില്‍ സമരം തുടങ്ങും. ഇന്നലെ വൈകീട്ട് ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയും പിതാവ് അശോകനും നാട്ടുകാരും അടങ്ങുന്ന പതിനഞ്ചംഗ സംഘം തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു. മൂന്നു ദിവസം തുടര്‍ച്ചയായി 15 പേര്‍ സമരരംഗത്തുണ്ടാകും. ജിഷ്ണുവിന്റെ സഹപാഠികളും സമരത്തില്‍ പങ്കെടുക്കും.