കോട്ടയം മുക്കൂട്ടുതറയിൽ നിന്നും കാണാതായ ബിരുദ വിദ്യാർത്ഥിനി ജസ്‌ന മരിയ ജെയിംസ് വിദേശത്തേക്ക് പോയിട്ടുണ്ടോ എന്നറിയുന്നതിനായി റീജണൽ പാസ്പോർട്ട് ഓഫീസർമാരുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി നിയമ സഭയെ അറിയിച്ചു. തിരുവനന്തപുരം റെയ്ഞ്ച് ഐ ജിയുടെ നേത്രുത്വത്തിൽ സൈൽബർ വിദഗ്ധരും വനിത ഇൻസ്പെക്ടറും അടങ്ങുന്ന 15 അംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജസ്നയെ കണ്ടെത്തുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലെ പത്രങ്ങളിലും ലുക്കൌട്ട് നോട്ടിസ് നൽകിയതായും മുഖ്യമന്ത്രി സഭയിൽ വിശദീകരിച്ചു.
അതേ സമയം ജെസ്‌നക്കായി വനമേഖലയിൽ തിരച്ചിൽ ആരംഭിച്ചു. മൂന്ന് ജില്ലയിൽ നിന്ന് 400 പൊലീസുകാരെ പങ്കെടുപ്പിച്ചാണ് തിരച്ചിൽ. ബന്ധുക്കളുടെ ആവശ്യപ്രകാമാണ് തിരച്ചിൽ നടത്തുന്നത്. എരുമേലി, മുണ്ടക്കയം, പീരുമേട്, കുട്ടിക്കാനം വനമേഖലകളിലാണ്. 10 സ്‌ക്വാഡുകളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുക.
മാർച്ച് 22-ന് രാവിലെ 9.30-ന് വീട്ടിൽ നിന്നു മുണ്ടക്കയത്തേക്കു പോയ ജെസ്നയെയാണ് കാണാതായത്. കാഞ്ഞിരപ്പള്ളിയിൽ ബിരുദ വിദ്യാർത്ഥിനിയായ ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതകൾ ഏറെയാണ്. പൊലീസുകാർ സംഘങ്ങളായി അന്വേഷിച്ചിട്ടും ഇതുവരെ ഒരു വിവരവും ഉണ്ടായില്ല.
ജെസ്‌നയുടെ കേസിൽ ഓരോ ദിവസം കഴിയുന്തോറും പൊലീസ് ഇരുട്ടിൽ തപ്പുകയാണോ എന്ന ചോദ്യവും ഉയർന്നുകൊണ്ടിരിക്കുകയാണ്. ജെസ്‌നയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 2 ലക്ഷം രൂപ വരെ പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിറകേ ധാരാളം കോളുകൾ വന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല. എന്നാൽ മകൾക്കായി കാത്തിരിക്കുന്ന പിതാവും സഹോദരിക്കായി കാത്തിരിക്കുന്ന കൂടപ്പിറപ്പുകളും ജെസ്‌നയ്‌ക്കായുള്ള കാത്തിരിപ്പിലാണ്.