കൊല്ലം: അനധികൃത പാചകവാതക സിലിണ്ടർ വിൽപ്പന നടത്തിയ കേന്ദ്രത്തിൽ നിന്ന് 27 സിലിണ്ടറുകൾ പിടിച്ചെടുത്തു. കൊല്ലം ലാൽ ബഹാദൂർ സ്റ്റേഡിയം കോമ്പ്ലസിലുള്ള അക്ബർ അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം താലൂക്ക് സിവിൽ സപ്ലൈസ് അധികാരികൾ നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകൾ പിടികൂടിയത്.
കഴിഞ്ഞ ദിവസം വെളുപ്പിന് അഞ്ചു മണിക്കാണ് ഇവിടെ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിൽ നിന്ന് വ്യാവസായിക ആവശ്യത്തിനുള്ള സിലിണ്ടറിലേക്ക് പാചക വാതകം നിറയ്ക്കുന്നത് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഉടമയ്‌ക്കെതിരെ കേസെടുക്കാൻ ശുപാർച്ച നൽകിയതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
വലിയ പാത്രത്തിൽ വെള്ളം ചൂടാക്കിയ ശേഷം ഇതിൽ ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടറുകൾ ഇറക്കി വച്ചശേഷം ഗ്യാസ് നിറയ്ക്കാനുള്ള വ്യാവസായിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിലേക്ക് മറ്റേ സിലിണ്ടറിൽ റെഗുലേറ്ററുകൾ ഘടിപ്പിച്ച ശേഷം വാതകം കടത്തി വിട്ടാണ് ഇത്തരം കച്ചവടം നടത്തുന്നവരുടെ രീതി. ഇത് ഏറെ അപകടകരമാണ് എന്നാണു അധികാരികൾ പറഞ്ഞത്.