രാജമല ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ അഞ്ചുലക്ഷം രൂപ ആശ്വാസധനമായി സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൂടാതെ പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാചിലവും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജമലയില്‍ ഇന്നലെ പുലര്‍ച്ചയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. കനത്ത മഴയെത്തുടര്‍ന്ന് വൈദ്യുതിബന്ധവും വാര്‍ത്താവിനിമയ ബന്ധവും അവിടെ തടസ്സപ്പെട്ടിരുന്നു.
അതുകൊണ്ട് ദുരന്തം പുറംലോകമറിയാന്‍ വൈകുന്ന സാഹചര്യവുമുണ്ടായി. ഇവിടേയ്ക്കുള്ള റോഡിലെ പാലം ഒലിച്ചുപോയത് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്താന്‍ വൈകുന്നതിനും ഇടയാക്കി. സബ്കലക്ടറുടെ നേതൃത്വത്തില്‍ പൊലീസ്, ഫയര്‍ഫോഴ്സ് സംഘങ്ങളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ലഭ്യമായ മണ്ണുമാന്തി യന്ത്രങ്ങളും മറ്റും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.