താൻ കോളേജിൽ പഠിക്കുന്നത് വരെ താൻ ആര്‍എസ്എസുകാരനായിരുന്നുവെന്ന് വെളിപ്പെടുത്തി രാജിവെച്ച ഐഎഎസ് ഉധ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. മുൻപ് പതിവായി ആര്‍എസ്എസ് വേഷമൊക്കെ ധരിച്ച് ശാഖയിൽ പോയിരുന്നെന്നും ഒരു തവണ ആര്‍എസ്എസ് റാലിക്കായി റാഞ്ചിവരെ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് മുന്നോട്ട് വെക്കുന്ന ദേശ സങ്കൽപ്പം വേറെയാണെന്ന തിരിച്ചറിവ് വന്നതോടെയാണ് ആര്‍എസ്എസിൽ നിന്നും പുറത്തുവന്നതെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു. സർവീസിൽ നിന്നും വിരമിച്ചത് വളരെയധികം നിരാശയോടെയാണെന്നും എന്നാലിപ്പോൾ വളരെയധികം പ്രതീക്ഷയോടെയാണ് താനിവിടെ ഇരിക്കുന്നതെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ചാണ് മലയാളിയായ കണ്ണൻ ഗോപിനാഥൻ രാജിവെച്ചത്. തുടർന്ന് പൗരത്വനിയമ ഭേദഗതിക്കെതിരെയും ശക്തമായ നിലപാടാണ് കണ്ണൻ ഗോപിനാഥൻ സ്വീകരിച്ചത്. പൗരത്വനിയമത്തിനെതിരെ പ്രത്യക്ഷമായി തന്നെ രംഗത്ത് വന്നതിനെ തുടർന്ന് അദ്ദേഹത്തെ ഉത്തർ പ്രദേശിൽ നിന്നും മാത്രം രണ്ട് തവണ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.