ടി.പി സെന്‍കുമാറിനെ ഡിജിപിയാക്കിയതാണ് തന്റെ ജീവിതത്തില്‍ പറ്റിയ വലിയ തെറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മലയാളി ഉദ്യോഗസ്ഥന്‍ വരട്ടെ എന്നു കരുതിയാണ് അങ്ങനെയൊരു തീരുമാനം എടുത്തതെന്നും താൻ ഇന്നതിൽ പശ്ചാത്തപിക്കുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം ചെന്നിത്തലയുടെ ആരോപണങ്ങള്‍ നിഷേധിച്ച് സെന്‍കുമാറും രംഗത്തെത്തി. ചെന്നിത്തല ഹിന്ദുക്കളേയും മുസ്ലിങ്ങളേയും തമ്മിലടിപ്പിക്കാന്‍ നോക്കുകയാണ്. പിണറായി വിജയനോളം മോശക്കാരനല്ല ചെന്നിത്തലയെന്നും സെന്‍കുമാര്‍ പറഞ്ഞു.
2017ൽ സെൻകുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. നിങ്ങളുടെ കയ്യിലല്ല ഇപ്പോള്‍ അദ്ദേഹം. മറ്റയാളുകളുടെ കയ്യിലായി അതോര്‍മ്മ വേണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ രൂക്ഷമായ് വിമർശിച്ചായിരുന്നു അന്ന് ചെന്നിത്തല രംഗത്തെത്തിയത്.
ബിജെപിക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന പണി മുഖ്യമന്ത്രി ഏറ്റെടുക്കാൻ പാടില്ല. ഒരിക്കലും ഒരു ഉദ്യോഗസ്ഥനെതിരെ ഇങ്ങനെ പറയാൻ പാടില്ല. സെൻകുമാർ സംഘപരിവാറുകാരനല്ല. അദ്ദേഹം ഏറ്റവും സമർത്ഥനായ ഉദ്യോഗസ്ഥനാണു എന്നായിരുന്നു ഇതിനു ചെന്നിത്തല അന്ന് മറുപടി നൽകിയത്. എന്നാൽ, കഴിഞ്ഞ കാലങ്ങളിൽ സെൻകുമാറിന്റെ രാഷ്ട്രീയ നിലപാട് എന്താണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി കഴിഞ്ഞിരിക്കുകയാണ്. ഇതോടെ, രണ്ട് വർഷവും 10 മാസവും എടുത്താണ് ചെന്നിത്തലയ്ക്ക് ബോധോധയം ഉണ്ടായതെന്ന് സോഷ്യൽ മീഡിയ പരിഹസിക്കുന്നു.