''വരുന്നു ഒരു വലിയ വിപ്ലവം'' - പ്രധാനമന്ത്രി വെളിപ്പെടുത്തി!
മൂന്ന് വർഷം മുമ്പ് അഴിമതിയായിരുന്നു, ഇന്ന് വിജയമാണ്: നരേന്ദ്ര മോദി
ഭീം ആപ്പ് - അഥവാ ഡിജിറ്റൽ മൊബൈൽ ആപ്പ്. ഡിജിറ്റൽ ഇടപാടുകൾക്കായുള്ള മൊബൈൽ ആപ്പ് പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പണരഹിത സമ്പദ്വ്യവസ്ഥയെന്ന സർക്കാരിന്റെ സ്വപ്നം സഫലമാക്കുന്നതിന് വേണ്ടിയാണ് ഭീം ആപ്പ് എന്ന പുതിയ ആപ്ളിക്കേഷൻ പ്രധാനമന്ത്രിയുടെ നേതൃത്ത്വത്തിൽ ഇന്നലെ പുറത്തിറക്കിയത്.
'പെരുവിരലിലാണ് നിങ്ങളുടെ ബാങ്കും ബിസിനസും. ഒരു വലിയ വിപ്ലവം വരികയാണ്. ഭീം ആപ്പ് ലോകത്തെ ഏറ്റവും വലിയ അത്ഭുതമാകും’ - ആപ്പ് പുറത്തിറക്കിയശേഷം പ്രധാനമന്ത്രി പറഞ്ഞ വാക്കുകളാണിത്. ഭാരത് ഇൻറർഫേസ് ആപ്പ് എന്നതിന്റെ ചുരക്കപ്പേരാണ് ഭീം ആപ്പ്. നാഷണൽ പേയ്മെൻറ് കോർപ്പറേഷനാണ് പുതിയ ആപ്പ് നിർമ്മിച്ചിരിക്കുന്നത്. യൂണിഫൈഡ് യൂസർ ഇൻറർഫേസ് എന്ന സംവിധാനം ഉപയോഗിച്ചാണ് പുതിയ ആപ്പ്ളിക്കേഷൻ പ്രവർത്തിക്കുക.
ആപ്പിന്റെ ഉപയോഗവും വളരെ ഈസിയാണ്. ഉപയോഗിക്കാൻ ഇന്റർനെറ്റ് വേണമെന്ന നിർബന്ധമില്ല. നിങ്ങൾ ഒരിക്കലെങ്കിലും ഡിജിറ്റൽ പണമിടപാട് നടത്തൂ. നിങ്ങളതിനു അടിമപ്പെടും എന്ന് മോദി ഉറപ്പ് നൽകുകയാണ്. കഴിഞ്ഞ 50 ദിവസമായിട്ട് മാധ്യമങ്ങൾ തന്നെകുറിച്ചാണ് വാർത്ത നൽകുന്നതെന്നും മോദി പറഞ്ഞു. ഡിജിറ്റൽ ഇടപാടുകൾക്ക് നമ്മുടെ രാജ്യത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. മൂന്നു വർഷങ്ങൾ മുന്‍പുള്ള പത്രങ്ങൾ ശ്രദ്ധിക്കൂ. അഴിമതിയെക്കുറിച്ചുള്ളതായിരുന്നു അവയിൽ അധികവും. എന്നാൽ ഇന്ന് വിജയത്തെക്കുറിച്ചുള്ള വാർത്തകളാണുള്ളതെന്നും മോദി പറഞ്ഞു.