സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ വനിതാ സെല്‍ എസ്‌പി ചൈത്ര തെരേസാ ജോണിനെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ ആഭ്യന്തരവകുപ്പ് നിയമോപദേശം തേടിയതായി സൂചന.
ചൈത്രയുടെ നടപടിയിൽ നിയമപരമായി തെറ്റില്ലെന്ന് വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് എഡിജിപി മനോജ് എബ്രഹാം ഡിജിപി ലോക്‍നാഥ് ബെഹ്‌റയ്‌ക്ക് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
ഈ റിപ്പോര്‍ട്ട് മറികടന്ന് എന്തു നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തരവകുപ്പ് നിയമോപദേശം തേടിയത്. ആഭ്യന്തരവകുപ്പിന്റെ പരിശോധനകള്‍ക്ക് ശേഷം മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും.
റെയ്ഡ് നടന്ന ശേഷമാണ് സിറ്റി പൊലീസ് കമ്മിഷണര്‍ എസ് സുരേന്ദ്രനടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വിവരമറിഞ്ഞത്. റെയ്ഡ് വിവരം അറിയിക്കാത്തതിനെതിരെയുള്ള പ്രതിഷേധം അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.
നടപടി വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സിപിഎം ജില്ലാ നേതൃത്വം. അതേസമയം, ജില്ലാ പൊലീസ് മേധാവി - എസ്‌പിഎസ് തലത്തില്‍ വലിയ അഴിച്ചുപണിക്കു സര്‍ക്കാര്‍ തയാറെടുക്കുകയാണ്. പത്തു ഇക്കൂട്ടത്തില്‍ ചൈത്രയ്‌ക്ക് താക്കീത് നല്‍കി ഏതെങ്കിലും അപ്രധാന സ്‌ഥാനത്തേക്കു നീക്കാനിടയുണ്ട്.