Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ പലര്‍ക്കും കേസിനു താല്‍പര്യമില്ല

കേസില്‍ എസ്ഐടിയുടെ (പ്രത്യേക അന്വേഷണ സംഘം) മൊഴിയെടുപ്പ് തുടരുകയാണ്

Hema Commission Report

രേണുക വേണു

, ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (09:43 IST)
മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റിക്ക് മുന്നില്‍ തങ്ങള്‍ നേരിട്ട ലൈംഗിക ചൂഷണത്തിന്റെ ദുരനുഭവങ്ങള്‍ പറഞ്ഞ പലര്‍ക്കും കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ല. ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവരില്‍ നിന്ന് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഹൈക്കോടതി നിര്‍ദേശാനുസരണമാണ് ഇത്. എന്നാല്‍ ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ മിക്കവരും നിയമനടപടികളുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചത്.  
 
കേസില്‍ എസ്ഐടിയുടെ (പ്രത്യേക അന്വേഷണ സംഘം) മൊഴിയെടുപ്പ് തുടരുകയാണ്. ഹേമ കമ്മറ്റിക്ക് മൊഴി നല്‍കിയ ഭൂരിഭാഗം പേരില്‍ നിന്നും മൊഴി രേഖപ്പെടുത്തി. പ്രത്യേക അന്വേഷണസംഘം നേരിട്ടും ഓണ്‍ലൈനായുമാണ് മൊഴിയെടുക്കുന്നത്. ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയില്‍ മിക്കവരും ഉറച്ചുനില്‍ക്കുന്നുണ്ട്. എന്നാല്‍ നിയമനടപടികളുമായി മുന്നോട്ടു പോകാന്‍ പലര്‍ക്കും താല്‍പര്യമില്ല. പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ ഉദ്യോഗസ്ഥരാണ് മൊഴിയെടുപ്പ് നടത്തുന്നത്.
 
ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ നേരിട്ട് ഇടപെടാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ 50 പേരുടെയും മൊഴി പ്രത്യേകം രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു. മൊഴി നല്‍കിയവര്‍ക്ക് നിയമനടപടികളുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിക്കുകയാണ് അന്വേഷണ സംഘത്തിന്റെ പ്രധാന ചുമതല. ഇത്തരത്തില്‍ നിയമനടപടികളുമായി മുന്നോട്ടു പോകാന്‍ ആരെങ്കിലും തയ്യാറാണെങ്കില്‍ കേസ് എടുക്കണമെന്നാണ് കോടതി നിലപാട്. അതേസമയം കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് ഇരകളായവര്‍ പറഞ്ഞാല്‍ മറ്റൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. 
 
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെയാണ് റിപ്പോര്‍ട്ട് പരിശോധിച്ചു 50 പേരുടെയും മൊഴി രേഖപ്പെടുത്താന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂര്‍ നഗരത്തിലേക്ക് ഇറങ്ങുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; ഇന്ന് ഗതാഗത നിയന്ത്രണം, സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കുക