സംസ്ഥാനത്ത് കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്‌ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ തൃശൂർ വരെ എട്ടു ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
ഇന്ന് നടത്താനിരുന്ന സർവകലാശാല പരീക്ഷകൾക്കും മറ്റു പരീക്ഷകൾക്കും മാറ്റമില്ല. കഴിഞ്ഞ 11ന് അവധി നൽകിയ അമ്പലപ്പുഴ, ചേർത്തല, കുട്ടനാട് താലൂക്കുകളിലെ വിദ്യാലയങ്ങൾക്ക് 21ന് പ്രവൃത്തിദിനമായി പ്രഖ്യാപിച്ചതു പിൻവലിച്ചു. ഇതിനു പകരം ഈ മാസം 28നും തിങ്കളാഴ്ചത്തെ അവധിക്കു പകരം ഓഗസ്റ്റ് നാലിനും ക്ലാസുകൾ ഉണ്ടായിരിക്കും.
ആലപ്പുഴയിൽ അങ്കണവാടികൾക്ക് ഇന്ന് അവധിയാണ്. കൊല്ലത്ത് അങ്കണവാടികളിൽ കുട്ടികൾക്ക് അവധി നൽകിയിട്ടുണ്ടെങ്കിലും ജീവനക്കാർ ജോലിക്കെത്തണം. 21ന് പ്രവൃത്തിദിനമായിരിക്കും. തിരുവനന്തപുരം ജില്ലയിൽ സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. കൊല്ലത്ത് സർവകലാശാല പരീക്ഷകൾക്കു അവധി ബാധകമല്ല.
കേരള സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ 21ലേക്ക് മാറ്റി. ആരോഗ്യ സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.