ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തവര്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് രണ്ടാഴ്ച കൂടി സമയം അനുവദിക്കുന്നത്. എല്ലാ രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തരമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കേണ്ടതാണെന്നും മന്ത്രി നിര്‍ദേശം നല്‍കി.
അതേസമയം ഫെബ്രുവരി ഒന്നുമുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ശക്തമായ പരിശോധന തുടരുന്നതാണ്. ഹെല്‍ത്ത് കാര്‍ഡില്ലാത്തവര്‍ക്ക് ഫെബ്രുവരി 15നകം കാര്‍ഡ് ഹാജരാക്കുവാന്‍ നിര്‍ദേശം നല്‍കും. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കേണ്ടതാണ്.