തിരൂരങ്ങാടി: പെണ്‍കുട്ടികളെ സമൂഹ മാധ്യമങ്ങളിലൂടെ സുഹൃത് ബന്ധമുണ്ടാക്കുകയും പിന്നീട് നയത്തില്‍ പ്രണയം എന്ന് ഭാവിച്ചു വലയിലാക്കി പീഡിപ്പിക്കുന്ന മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ചിത്താരി കൂലിക്കാട് വീട്ടില്‍ എം.കെ.അബു താഹിര്‍ (19), കാസര്‍കോട് കാഞ്ഞങ്ങാട് രാവണേശ്വരം മുനിയംകോട് വീട്ടില്‍ മുഹമ്മദ് ഷാഹിദ് (20) കാഞ്ഞങ്ങാട് ആവിയില്‍ മണവാട്ടി വീട്ടില്‍ മുഹമ്മദ് നിയാസ് (22) എന്നിവരാണ് പിടിയിലായത്.
മമ്പുറത്ത് വച്ച് കാറില്‍ യാത്ര ചെയ്യവേ ഒരു പതിനേഴുകാരിക്കൊപ്പമാണ് മൂവരും പോലീസ് പിടിയിലായത്. വണ്‍വേ തെറ്റിച്ചു വന്ന ആള്‍ട്ടോ കാറിലാണ് പര്‍ദ്ദ ധരിച്ച പെണ്‍കുട്ടിയും ഉണ്ടായിരുന്നത്. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് എല്ലാവരും പരസ്പര വിരുദ്ധമായ മറുപടി നല്‍കിയത്. വിശദമായ ചോദ്യം ചെയ്യലിലാണ് പീഡന വിവരങ്ങള്‍ പുറത്തായത്. മൂന്നു യുവാക്കളും നാട്ടില്‍ മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് ഷോപ്പുകളില്‍ ജോലി ചെയ്യുകയാണ്.
ഇന്‍സ്റ്റാഗ്രാം വഴിയാണ് പെണ്‍കുട്ടിയെ മുഹമ്മദ് നിയാസ് പരിചയപ്പെടുന്നത്. തങ്ങള്‍ പ്രണയത്തിലാണെന്നും ചെമ്മാട് ടൗണില്‍ വാടകയ്ക്കെടുത്ത മുറിയിലേക്ക് പോവുകയാണെന്നും മറ്റുള്ളവര്‍ തന്റെ സുഹൃത്തു ക്കളാണെന്നുമാണ് നിയാസ് പറഞ്ഞത്. കൂട്ടുകാരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്.
നിയാസിന്റെ സുഹൃത്തായ ഷാഹിദിന് ചമ്രവട്ടത്തെ പെണ്‍കുട്ടിയുമായും അബു താഹിറിന് ഈശ്വരമംഗലത്തെ മറ്റൊരു പെണ്കുട്ടിയുമായും ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.