തൊടുപുഴയില്‍ പിതാവ് മകനേയും കുടുംബത്തേയും തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. മകനും കുടുംബവും ഒരു കാരണവശാലും രക്ഷപ്പെടരുതെന്ന് പ്രതിയായ ഹമീദ് തീരുമാനിച്ചുറപ്പിച്ചിരുന്നു.
കൃത്യമായ ആസൂത്രണത്തിനു ശേഷമാണ് കൊലപാതകം നടത്തിയത്. ഹമീദിന്റെ മകന്‍ അബ്ദുള്‍ ഫൈസല്‍, ഷീബ, മക്കളായ മെഹര്‍, അഫ്‌സാന എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കിടന്ന് ഉറങ്ങുകയായിരുന്ന നാല് പേരുടെയും ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച പ്രതി തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
മകനും കുടുംബവും രക്ഷപ്പെടാതിരിക്കാനുള്ള എല്ലാ പഴുതകളും ഹമീദ് ആദ്യം അടച്ചു. കൃത്യത്തിന് മുമ്പ് ഇയാള്‍ വാതിലുകള്‍ എല്ലാം പുറത്ത് നിന്ന് പൂട്ടിയിരുന്നു. വീട്ടിലെയും സമീപ പ്രദേശത്തെ മറ്റ് വീട്ടുകളിലെയും വൈദ്യുതി, വെള്ള കണക്ഷന്‍ പ്രതി വിച്ഛേദിച്ചിരുന്നു.
പലപ്പോഴും മകനെയും കുടുംബത്തെയും കൊല്ലുമെന്ന് ഹമീദ് ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ പ്രായമുള്ള ഇയാളുടെ ഭീഷണി ആരും കണക്കിലെടുത്തില്ല. വീട്ടില്‍ നിന്ന് പുറത്തേക്ക് കടക്കാനുള്ള എല്ലാ വാതിലും പ്രതി അടച്ചിരുന്നു. കൂടാതെ വെള്ളം ഉപയോഗിച്ച് തീ അണക്കാതിരിക്കാന്‍ പൈപ്പ് കണക്ഷനും പ്രതി വിച്ഛേദിച്ചിരുന്നു. വീട്ടിലെ പൈപ്പ് കണക്ഷന്‍ മാത്രമല്ല സമീപത്തുള്ള വീടുകളിലെ പൈപ്പ് കണക്ഷനും ഇയാള്‍ വിച്ഛേദിച്ചു. നാല് പെട്രോള്‍ നേരത്തെ വീട്ടില്‍ വാങ്ങിവച്ചിരുന്നു. മകനെയും കുടുംബത്തെയും തീയിട്ട ശേഷം അല്‍പ്പനേരം അവിടെ നിന്ന് ആ കാഴ്ച കണ്ടാണ് ഹമീദ് ഓടിമറഞ്ഞത്.