വാളയാർ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സർക്കാരിനെതിരെ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്നത്. മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ കോടതി വെറുതേ വിട്ടത്. തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസിനു വീഴ്ച പറ്റിയെന്നാണ് ആരോപണം.
പൊലീസും പ്രതിയും ഒത്തുകളിച്ചെന്ന ആരോപണയും ഉയരുന്നുണ്ട്. കുട്ടികളുടെ മരണത്തിൽ തുടരന്വോഷണം ആവശ്യപ്പെട്ട് അമ്മ നേരിട്ട് രംഗത്തെത്തിയതോടെ സംഭവം വീണ്ടും ചർച്ചയാവുകയാണ്. മൂത്ത മകൾ മരണപ്പെട്ട ദിവസം പ്രതികളിലൊരാളായ മധു വീട്ടിൽ നിന്നും ഇറങ്ങിയോടുന്നത് ഇളയ മകൾ കണ്ടിരുന്നു. ഇവർ ഇക്കാര്യം അന്ന് തന്നെ പൊലീസിനെ അറിയിക്കുകയും ചെയ്തു.
എന്നാൽ, മധുവിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയ്ക്കുകയായിരുന്നു. സ്കൂൾ അവധിയായിരിക്കുന്ന ഒരു ദിവസം മധു വീട്ടിൽ വന്നു. കുട്ടികളുടെ അച്ഛന് കാലിനു വയ്യാതെ വീട്ടിൽ തന്നെ ഇരിക്കുകയായിരുന്നു അന്ന്. അച്ചനെ കാണാനെന്ന വ്യാജേന വന്ന മധു ഷെഡ്ഡിൽ പോയിട്ട് വരാമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി. എന്നാൽ, ഷെഡിൽ പോകാതെ പിൻവശത്ത് കൂടെ അകത്ത് കയറിയ ഇയാൾ മൂത്ത കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.
അച്ഛൻ ജനലിലൂടെ നോക്കുമ്പോൾ ഇയാൾ മകളെ ചുമരിനോട് ചേർത്തു നിർത്തിയിരിക്കുകയായിരുന്നു. ബഹളം വച്ചപ്പോൾ പിൻവാതിൽ വഴി അയാൾ ഇറങ്ങി ഓടുകയായിരുന്നു. എന്നാൽ, ആ സംഭവം പൊലീസിൽ അറിയിച്ചിരുന്നില്ല. അന്ന് തന്നെ പൊലീസിൽ പരാതിപ്പെട്ടിരുന്നെങ്കിൽ മകളെ നഷ്ടമാകില്ലായിരുന്നുവെന്ന് പെൺകുട്ടികളുടെ അമ്മ പറയുന്നു. ഇവരുടെ ചേച്ചിയുടെ മകനാണ് മധു.