കണ്ണൂര്‍: മാല മോഷണക്കേസില്‍ ഗിന്നസ് റിക്കോഡ് ഉടമയെ പോലീസ് അറസ്‌റ് ചെയ്തു. മാര്‍ച്ച് ഇരുപത്തിമൂന്നിനു നടന്ന സംഭവത്തില്‍ ഗിന്നസ് റിക്കോഡ് ഉടമ തൃശൂര്‍ നസീറിനെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്‌റ് ചെയ്തത്. തന്റെ ഏഴു വയസുള്ള കുട്ടിയുടെ കഴുത്തില്‍ നിന്ന് ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല മോഷ്ടിച്ച് എന്ന പിണറായി പുതുശേരി മുക്കിലുള്ള മുഹത്തരത്തില്‍ പി.പി.ഷെരീഫയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് നസീറിനെ അറസ്‌റ് ചെയ്തത്.
ഷെരീഫേയ്ക്ക് ഒരു ജോലി ഏര്‍പ്പാടാക്കാമെന്നും അതിനായി കണ്ണൂരിലെ ഒരു ഹോട്ടലില്‍ ഇന്റര്‍വ്യൂവിനു വരണമെന്നും ആവശ്യപ്പെട്ടു നസീര്‍ ഷെരീഫയുടെ ഒരു ബന്ധുവിന് ഫോണ്‍ ചെയ്തിരുന്നു. ഇന്റര്‍വ്യൂ ബോര്‍ഡില്‍ തനിക്കു പരിചയമുള്ളവരാണുള്ളത് എന്നും നസീര്‍ ഇവരെ വിശ്വസിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് ഷെരീഫയും ഭര്‍ത്താവും കുട്ടിയുമൊത്ത് കണ്ണൂരില്‍ എത്തിയത്.
ഹോട്ടലില്‍ എത്തിയ ഷെരീഫയെയും ഭര്‍ത്താവിനെയും ഹോട്ടലിലേക്ക് കടത്തിവിട്ട ശേഷം കുട്ടിയുമായി നസീര്‍ പുറത്തിറങ്ങുകയും കുട്ടിക്ക് ഐസ്‌ക്രീം വാങ്ങിയും മറ്റും സന്തോഷിപ്പിക്കുന്നതിനിടെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു എന്നാണു പറയുന്നത്. വീട്ടിലെത്തിയപ്പോഴാണ് മാല കാണാതായ വിവരം അറിഞ്ഞതും.
തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും കാര്യങ്ങള്‍ പോലീസിനോട് വിശദീകരിക്കുകയും ചെയ്തു. പോലീസ് നടത്തിയ പരിശോധനയില്‍ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നസീര്‍ കുട്ടിയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിക്കുന്ന ദൃശ്യം കാണുകയും തുടര്‍ന്ന് ഇയാളെ അറസ്‌റ് ചെയ്യുകയുമായിരുന്നു.
നിര്‍ത്താതെ വിവിധ ഭാഷകളില്‍ മിമിക്രി അവതരിപ്പിച്ചതിനാണ് തൃശൂര്‍ സ്വദേശിയായ അബ്ദുള്ള അബ്ദുല്‍ നസീര്‍ എന്ന തൃശൂര്‍ നസീര്‍ ഗിന്നസ് ബുക്കില്‍ കയറിപ്പറ്റിയത്. ഇതിനൊപ്പം തുടര്‍ച്ചയായി 113 മണിക്കൂര്‍ മൗത്ത് ഓര്‍ഗന്‍ വായിച്ചും നസീര്‍ വിസ്മയം സൃഷ്ടിച്ചിട്ടുണ്ട്.