സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരെ കൊവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നുണ്ടെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ. കൊവിഡ് മരണങ്ങൾ മറച്ചുവെക്കുന്നെന്ന പേരിൽ നടക്കുന്ന പ്രചാരണങ്ങൾ ശരിയല്ലെന്നും ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഫലവും, മെഡിക്കൽ റിപ്പോർട്ടും അടിസ്ഥാനമാക്കിയാണ് മരണം ഉൾപ്പെടുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.മരണങ്ങൾ തരംതിരിച്ച് ഒഴിവാക്കുന്നതിന് സർക്കാരിന് എതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ മറുപടി.
കൊവിഡ് രൂക്ഷമായ ജൂലെ മാസത്തിൽ മാത്രം 22 മരണങ്ങൾ വിവിധ കാരണങ്ങളാൽ കോവിഡ് പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ കോവിഡ് മരണങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെടുന്ന മരണങ്ങളുടെ എണ്ണവും കൂടുന്നതായാണ് ആരോപണം ഉയർന്നത്.
മരിച്ചവർ കൊവിഡ് ബാധിതരാണെങ്കിലും എല്ലാ കേസുകളിലും മരണകാരണം കോവിഡായി കാണാനാവില്ലെന്ന മാർഗനിർദേശമനുസരിച്ചാണ് ഇതെന്നായിരുന്നു സർക്കാർ വിശദീകരണം. ഇതുപ്രകാരം ഹൃദ്രോഗികൾ, കാൻസർ, വൃക്കരോഗികളടക്കമുള്ളവർ കോവിഡ് ഗുരുതരമായി ബാധിക്കുന്നവരാണെന്നിരിക്കെ മരണപ്പെട്ടാൽ ഇവരെ കൊവിഡ് പട്ടികയിൽ ഉൾപ്പെടുത്തുന്നില്ല എന്നതാണ് പരാതി. ഇതിൽ ആരോഗ്യമേഖലയിൽ തന്നെ ഭിന്ന അഭിപ്രായമുണ്ട്.