അനാവശ്യമായി തങ്ങള്‍ക്ക് പിഴ ചുമത്തിയെന്ന് പറഞ്ഞ് പൊലീസിനെതിരെ യുവതിയുടെ പ്രതിഷേധം. ചടയമംഗലത്താണ് സംഭവം. ബാങ്കില്‍ ക്യൂ നില്‍ക്കുകയായിരുന്ന മധ്യവയസ്‌കന് സാമൂഹിക അകലം പാലിച്ചില്ലെന്ന് ആരോപിച്ച് പൊലീസ് പിഴ ചുമത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്ത പതിനെട്ടുകാരി പെണ്‍കുട്ടിക്കെതിരെ പൊലീസ് നടപടിയെടുത്തു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പേരിലാണ് പതിനെട്ടുകാരിക്കെതിരെ പൊലീസ് കേസെടുത്തത്. പൊലീസിനെ ശക്തമായ ഭാഷയില്‍ പെണ്‍കുട്ടി ചോദ്യം ചെയ്തു.
പൊലീസുമായി യുവതി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. ബീവറേജിന്റെ മുന്നില്‍ പോയി പെറ്റിയടിക്കുന്നില്ലല്ലോ എന്ന് പ്രതിഷേധക്കാര്‍ പൊലീസിനോട് ചോദിച്ചു.
താന്‍ സാമൂഹിക അകലം ലംഘിച്ചിട്ടില്ലെന്ന് പൊലീസ് പിഴ ചുമത്തിയ മധ്യവയസ്‌കന്‍ പറയുന്നുണ്ട്. പൊലീസ് ചുമത്തിയ പെറ്റി യുവതി പൊലീസിനു മുന്നില്‍വച്ചു തന്നെ കീറിയെറിഞ്ഞു പ്രതിഷേധിച്ചു. തന്റെ മുഖത്ത് നോക്കി സംസാരിക്കാന്‍ യുവതി പൊലീസിനോട് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. തങ്ങളെ പഠിപ്പിക്കേണ്ട എന്നും ഉത്തരവാദിത്തപ്പെട്ട ജോലിയാണ് തങ്ങള്‍ ചെയ്യുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ യുവതിയോട് പറയുന്നുണ്ട്.