തിരുവനന്തപുരം തമ്പാനൂരില്‍ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ വീരണകാവ് ഏഴാമൂഴി മഹിതത്തില്‍ ഗായത്രി (24) പ്രവീണുമായി അടുക്കുന്നത് ജോലി സ്ഥലത്തുവെച്ചാണ്. തിരുവനന്തപുരത്തെ ഒരു ജ്വല്ലറിയിലാണ് ഗായത്രി ജോലി ചെയ്തിരുന്നത്. ജ്വല്ലറിയില്‍ ജോലി ചെയ്യുമ്പോള്‍ പട്ടത്തുള്ള ഒരു ഹോസ്റ്റലിലാണ് ഗായത്രി താമസിച്ചിരുന്നത്. ഈ ജ്വല്ലറിയിലെ ഡ്രൈവറായിരുന്നു കൊലപാതകം നടത്തിയ പ്രവീണ്‍.
എല്ലാ ദിവസവും വൈകിട്ട് ജോലി കഴിഞ്ഞ് ഗായത്രിയെ ഹോസ്റ്റലിലെത്തിക്കുന്നത് പ്രവീണ്‍ ആയിരുന്നു. ഈ യാത്രകളാണ് ഇരുവരെയും അടുപ്പിച്ചത്. ലോക്ക്ഡൗണ്‍ കാലത്താണ് ഇവര്‍ തമ്മില്‍ കൂടുതലടുക്കുന്നത്. ആദ്യ ഭാര്യയുമായി പിണങ്ങിക്കഴിയുകയാണെന്നും ഉടന്‍ ബന്ധം വേര്‍പെടുത്തും എന്നുമാണ് പ്രവീണ്‍ ഗായത്രിയെ അറിയിച്ചിരുന്നത്. ഏകദേശം ഒരുവര്‍ഷം മുന്‍പാണ് തിരുവനന്തപുരത്തെ ഒരു പള്ളിയില്‍വെച്ച് പ്രവീണ്‍ ഗായത്രിയെ വിവാഹം കഴിക്കുന്നത്. ഇക്കാര്യം ഇരുവരും മറച്ചുവെച്ചിരുന്നു.
അതേസമയം, പ്രതി പ്രവീണിന്റെ മൊഴി പുറത്തുവന്നിട്ടുണ്ട്. രഹസ്യമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ ഗായത്രി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതിയുടെ മൊഴി. വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്. ഗായത്രിയുമായുള്ള ബന്ധം ഭാര്യ അറിഞ്ഞതോടെ പ്രശ്നമായി. ഗായത്രി ജ്വല്ലറിയിലെ ജോലി നിര്‍ത്തി. പ്രവീണിന്റെ ഭാര്യയുടെ പരാതി മൂലമാണ് ഗായത്രിയെ ജോലിയില്‍ നിന്നൊഴിവാക്കിയതെന്നാണ് വിവരം. പ്രവീണിനെ തമിഴ്നാട്ടിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.
തമിഴ്നാട്ടിലേക്ക് പോവും മുമ്പാണ് ഗായത്രിയും അരുണും കണ്ടത്. തമിഴ്നാട്ടിലേക്ക് തന്നെയും കൊണ്ടു പോവണമെന്ന് ഗായത്രി വാശി പിടിച്ചു. ഗായത്രിയെ പറഞ്ഞ് മനസ്സിലാക്കാന്‍ വേണ്ടിയാണ് തമ്പാനൂരില്‍ മുറിയെടുത്തത്. എന്നാല്‍ ഇവിടെ വെച്ച് ഇരുവരും തമ്മില്‍ വഴക്കിട്ടു. അതോടെ രഹസ്യ വിവാഹത്തിന്റെ ചിത്രങ്ങള്‍ ഗായത്രി പുറത്തുവിട്ടു. ഇതാണ് പ്രവീണിനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.