'ഓഖിയോ, അതെന്താ?' - കടലിൽ പോയി തിരിച്ചു വന്നവർ കരഞ്ഞു കലങ്ങിയ കണ്ണുമായി നിൽക്കുന്ന പ്രിയപ്പെട്ടവരെ കണ്ട് അന്തംവിട്ടു
തിരിച്ചെത്തിയ മത്സ്യബന്ധന തൊഴിലാളികൾ ഒന്നേ ചോദിച്ചുള്ളു - 'ഓഖിയോ? അതെന്താ?'
ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച് കടന്ന് പോയെങ്കിലും ദുരിതങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. കടലിൽ പോയ മത്സ്യബന്ധനത്തൊഴിലാളികളിൽ ഇനിയും തിരിച്ചെത്താനുള്ളത് നിരവധി ആളുകളാണ്. എന്നാൽ, കഴിഞ്ഞ ദിവസം കൊച്ചിയിൽ തിരിച്ചെത്തിയ മത്സ്യബന്ധന തൊഴിലാളികൾ 'ഓഖി'യെന്തെന്ന് അറിഞ്ഞിട്ട് പോലുമില്ല.
തീരത്തെത്തിയപ്പോൾ കരഞ്ഞ് കലങ്ങിയ കണ്ണുമായി നിൽക്കുന്ന ബന്ധുക്കളെ കണ്ട് തൊഴിലാളികൾ അമ്പരന്നു. 'ഓഖിയോ അതെന്താ?' എന്നായിരുന്നു അവരുടെ ചോദ്യം. റൊസാ മിസ്റ്റിക്ക, യഹോവ സാക്ഷി എന്നീ ബോട്ടുകളിൽ കടലിൽ പോയവരാണ് ഓഖിയെന്തെന്ന് ചോദിച്ചത്.
ഓഖി ചുഴലിക്കാറ്റിനു ഒരുപാട് മുന്നേ കടലിൽ പോയവരാണ് ഇവർ. മഹാരാഷ്ട്രെ തീരത്തേക്കായിരുന്നു ഇവർ പോയത്. 13 മലയാളികൾ ഉൾപ്പെടെ 29 പേരായിരുന്നു രണ്ട് ബോട്ടിലുമായി ഉണ്ടായിരുന്നത്. തിരമാലകൾ ശക്തമായിരുന്നെങ്കിലും ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായില്ലെന്ന് ഇവർ പറയുന്നു. ബോട്ട് നിറയെ കേര മത്സ്യവുമായി ഇന്നലെയാണ് ഇവർ കരയ്ക്കെത്തിയത്.