നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ എല്‍ഡിഎഫിലേക്ക്. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നൂറുകണക്കിനു പ്രവര്‍ത്തകരും ഇടതുമുന്നണിയുടെ ഭാഗമാകുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉടന്‍ നടന്നേക്കും.
കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കേരള കോണ്‍ഗ്രസ് (എം), എന്‍സിപി എന്നീ പാര്‍ട്ടികളില്‍ ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തന്നെ സമീപിച്ചിട്ടുണ്ടെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞിരുന്നു.
പി.ജെ.ജോസഫ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസില്‍ നിന്ന് നിരവധി നേതാക്കളും പ്രവര്‍ത്തകരും ജോസ് കെ.മാണിക്കൊപ്പം ചേരാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടെന്നാണ് വിവരം. യുഡിഎഫിന് ഭരണമില്ലാത്തതാണ് പല നേതാക്കളെയും നിരാശരാക്കുന്നത്.
എന്‍സിപിയിലേക്ക് വരാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാണ്. പി.സി.ചാക്കോയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കോണ്‍ഗ്രസ് നേതാക്കളാണ് മുന്നണി മാറ്റം ആലോചിക്കുന്നത്. ഇതിനു ചുക്കാന്‍ പിടിക്കുന്നത് ചാക്കോ തന്നെയാണ്. എന്‍സിപി സംസ്ഥാന അധ്യക്ഷസ്ഥാനത്തേയ്ക്ക് ചാക്കോയെ കൊണ്ടുവന്നതും ഇതിന്റെ ഭാഗമായാണ്. പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ എന്‍സിപിയിലേക്ക് എത്തുമെന്ന് പി.സി.ചാക്കോയും പറയുന്നു.