ആരോഗ്യമന്ത്രി കെ കെ ശൈലജ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടുമെന്ന് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ആരോഗ്യമന്ത്രിയും മുന്‍ ആരോഗ്യമന്ത്രിയും തമ്മിലുള്ള തെരഞ്ഞെടുപ്പ് പോരാട്ടത്തിനായിരിക്കും തിരുവനന്തപുരം സാക്‍ഷ്യം വഹിക്കുക. തിരുവനന്തപുരത്ത് ഇത്തവണയും വി കെ ശിവകുമാര്‍ തന്നെയായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.
കെ കെ ശൈലജയെ മത്‌സരിപ്പിച്ച് തിരുവനന്തപുരം പിടിച്ചെടുക്കാനാണ് സി പി എം കണക്കുകൂട്ടുന്നത്. ശൈലജ സ്ഥാനാര്‍ഥിയാകണമെന്നാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും അഭിപ്രായമെന്നാണ് സൂചന. ടി എന്‍ സീമയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അനുകൂലാഭിപ്രായമില്ല.
എല്‍ ജെ ഡിക്ക് കൂത്തുപറമ്പ് നല്‍കുന്നതോടെ മണ്ഡലം മാറേണ്ട സാഹചര്യമുണ്ടാകുന്ന കെ കെ ശൈലജയെ തലസ്ഥാനത്തുതന്നെ കൊണ്ടുവരാനാണ് സി പി എം ശ്രമം. ഇ പി ജയരാജന്‍ തന്നെ മട്ടന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകും എന്നതിനാല്‍ മട്ടന്നൂരില്‍ ശൈലജ മത്‌സരിക്കാനാവില്ല. ഈ സാഹചര്യങ്ങളെല്ലാമാണ് കെ കെ ശൈലജയെ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ സി പി എം തീരുമാനിക്കുന്നതിന് പിന്നില്‍.