'വാരസ്യാർ കുട്ടിയാ, നല്ല വല്ല വേഷവും വന്നാൽ ഓർക്കണം, പാവങ്ങളാ' - കഥയിലെ നായിക സാക്ഷാൽ മഞ്ജു വാര്യർ!
കഥയിലെ നായിക മഞ്ജു വാര്യർ! - വൈറലാകുന്ന കുറിപ്പ്
ആർട്ടിസ്റ്റ് ഭട്ടതിരിയെ സൂര്യ ഫെസ്റ്റിവലിൽ നടി മഞ്ജു വാര്യർ ആദരിച്ച സംഭവത്തിൽ പഴയൊരു ഓർമ പുതുക്കലുമായി സംവിധായകൻ ശാന്തിവിള ദിനേശ്. മഞ്ജു സിനിമയിൽ എത്തുന്നതിനു മുന്നേയുള്ള കഥയാണ് ദിനേശ് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെയ്ച്ചിരിക്കുന്നത്.
ദിനേശിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ആർട്ടിസ്റ്റ് ഭട്ടതിരിയെ സൂര്യാ ഫെസ്റ്റിവലിൽ മഞ്ജൂവാര്യർ ആദരിക്കുന്നതാണീ ചിത്രം. ഈ രംഗം കണ്ടപ്പോൾ എനിക്കൊരുകാര്യം ഓർമ്മവരുന്നു. പത്തിരുപത് വർഷം മുൻപാണ്. സീരിയൽ രംഗത്ത് ""വലയം"" എന്ന പരംബര ചെയ്ത് മോശമല്ലാത്ത പേരൊക്കെ ഞാൻ നേടിയകാലം. സിനിമയിൽ തിരക്കുള്ള അസ്സോസിയറ്റ് ഡയറക്ടറും. ഭട്ടതിരി കലാകൗമുദിയുടെ ലേ-ഔട്ട് ആർട്ടിസ്റ്റും..
ഒരിക്കൽ ഭട്ടതിരിയുടെ വീട്ടിൽ വാചകമടിച്ചിരിക്കുംബോൾ, ഒരു ഫോട്ടോ വച്ചുനീട്ടിയിട്ട് ഭട്ടതിരി പറഞ്ഞു. സംസ്ഥാന യുവജനോത്സവ പ്രതിഭയാണ് . ഒരുവാരസ്യാര് കുട്ടിയാ, കലാകൗമുദിയിൽ എടുത്തപടമാ, വല്ലനല്ല വേഷവും കൊടുക്കാനാകുമെങ്കിൽ ഓർക്കണം. പാവങ്ങളാ. പച്ച ജാക്കറ്റിട്ട ഒരു സാദാപെൺകുട്ടി. ഫോട്ടോ സൂക്ഷിച്ചുവച്ചു. വേഷം കൊടുക്കാനായില്ല.
കുറച്ചുനാൾ കഴിഞ്ഞപ്പോൾ ആ കൂട്ടി മോഹന്റെ സാക്ഷ്യത്തിൽ അഭിനയിച്ചു. പരമബോറായിരുന്നു. കരയുംബോൾ ചിരിക്കുംപോലെ തോന്നി. പിന്നെയറിഞ്ഞു, സുന്ദർദാസ് സ്വതന്ത്ര സംവിധായകനാകുന്ന സിനിമയിൽ ഈ പെൺകുട്ടി നായികയാകുന്നെന്ന്. സുന്ദർദാസ് മാലയോഗം സിനിമയിൽ സഹസംവിധായകനാകാൻ വന്നകാലംമുതൽ പരിചിതനാണ്. അയാൾ സ്വതന്ത്ര സംവിധായകനാകുന്നകാര്യം പറയാഞ്ഞതിനാൽ വിളിക്കാറില്ല.
അതിലെ മെയ്ക്കപ്പുമാൻ എന്റെ സുഹൃത്തായ പട്ടണം റഷീദാണ്. കാണാനത്ര ചേലൊന്നുമില്ല, ഗംഭീര പ്രകടനമാണ്. ഇവൾ രക്ഷപ്പെടും. റഷീദിന്റെ നിരീക്ഷണമായിരുന്നു. പടമിറങ്ങി. റഷീദ് പറഞ്ഞത് ശെരിയായിരുന്നു. നായിക കസറി. പടം സൂപ്പർ ഹിറ്റ്. പിന്നെ നായികയങ്ങ് വളർന്നു കൊതിപ്പിക്കുന്ന അഭിനയവുമായി.
ഇവിടെ പറഞ്ഞതൊക്കെ ഭട്ടതിരിക്ക് ഓർമ്മയുണ്ടാകുമോ ? സൂക്ഷിച്ചുവച്ച ഫോട്ടോ ഏതോ കവറിനുള്ളിൽ സുഖസുഷുപ്തിയിലാണ് ഇപ്പോഴും. പടം....... സല്ലാപം........!
കഥയിലെ നായിക സാക്ഷാൽ മഞ്ജുവാര്യർ....