കൊല്ലത്ത് ദുരൂഹസാഹചര്യത്തിൽ ആറ്റിൽ വീണ് മരിച്ച ആരുവയസുകാരി ദേവനന്ദയ്ക്ക് യാത്രയയപ്പ് നൽകി സഹപാഠികളും നാട്ടുകാരും. മസ്ക്കറ്റിൽ ജോലി ചെയ്യുന്ന പ്രദീപും ധന്യയുമാണ് ദേവനന്ദയുടെ മാതാപിതാക്കൾ. അപകടം സംഭവിക്കുമ്പോൾ ധന്യയും 3 മാസം പ്രായമുള്ള കുഞ്ഞും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.
10 മാസം മുൻപാണ് പ്രദീപ് ലീവ് കഴിഞ്ഞ് തിരിച്ച് പോയത്. മകനെ ഇതുവരെ കണ്ടിട്ടില്ല. ആദ്യമായി മകനെ കാണുന്നത് ഇന്നലെയാണ്. അന്നേദിവസം തന്റെ പൊന്നുമോളെ അവസാനമായും കാണേണ്ടി വന്നു ഈ അച്ഛന്. ഒരാൾക്കും ഇങ്ങനെയൊരു ഗതി വരരുതെന്ന് ഏവരും പറയുന്നു.
വിവാഹം കഴിഞ്ഞ് 5 വർഷത്തോളം കാത്തിരുന്നശേഷമാണ് ഇവർക്ക് ദേവനന്ദയെന്ന പൊന്നു പിറക്കുന്നത്. അവളെ അവർ ദേവതയെ പോലെ വളർത്തി. പുറത്തെങ്ങും വിടാറില്ലായിരുന്നു. പിന്നീട് 7 വർഷത്തോളം കഴിഞ്ഞാണ് രണ്ടാമത്തെ മകനുണ്ടാകുന്നത്. മകനെ കാണാൻ കളിപ്പാട്ടങ്ങളും ആയി എത്താൻ തയ്യാറെടുക്കുകയായിരുന്നു പ്രദീപ്. എന്നാൽ, ആ വരവ് കുറച്ച് നേരത്തേയായി, കൈയ്യിൽ മകനായി സമ്മാനങ്ങൾ ഒന്നും കരുതാതെ മകളെ അവസാനമായി ഒരുനോക്ക് കാണാനുള്ള വരവായി പ്രദീപിന്റെത്.
ദേവനന്ദയെ കാണാതായെന്ന് അറിഞ്ഞെങ്കിലും കുഞ്ഞിന് ഒന്നും സംഭവിച്ച് കാണില്ലെന്ന് വീട്ടില്‍ വരുന്നതു വരെ പ്രദീപിനു പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ, വീട്ടിലെത്തിയപ്പോൾ കണ്ടത് ചേതനയറ്റ കുഞ്ഞിന്റെ മുഖമാണ്.
പോലീസ് സേനയിലെ മുങ്ങല്‍ വിദഗ്ധരാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് കുട്ടിയെ കാണാതാവുന്നത്. അമ്മ അലക്കാൻ പോയ സമയത്താണ് മകളെ കാണാതാകുന്നത്. അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ പൊലീസും നാട്ടുകാരും നടത്തിയ തിരിച്ചിലിൽ വെള്ളിയാഴ്ച രാവിലെ ആറ്റിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.