ഉത്തരം മുട്ടി അമല പോൾ, നടിയെ അറസ്റ്റ് ചെയ്തു
അമല പോളിനെ അറസ്റ്റ് ചെയ്തു
പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ ചോദ്യം ചെയ്യലിന് ഹാജരായ നടി അമലാപോളിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഹൈക്കോടതി നിർദേശത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് അമലാപോൾ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായത്.
മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ നടി കൃത്യമായ ഉത്തരങ്ങൾ നൽകിയില്ലെന്നാണ് റിപ്പോർട്ട്. വ്യാജ രേഖ നിർമ്മിക്കാൻ കൂട്ടുനിന്നിട്ടില്ലെന്ന് പറഞ്ഞ അമലാപോൾ, തനിക്കെതിരെ ചാർജ് ചെയ്തിട്ടുള്ള കുറ്റങ്ങളും നിഷേധിച്ചു.
അതേസമയം, സമാനമായ കേസിൽ നടനും എം പിയുമായ സുരേഷ് ഗോപിയേയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു. രണ്ടു പേരുടെ ആള്‍ ജാമ്യത്തിലും ഒരു ലക്ഷം രൂപയുടെ ബോണ്ടിലുമാണ് താരത്തിനു ജാമ്യം അനുവദിച്ചത്.
നേരത്തേ സമാനമായ കേസിൽ നടൻ ഫഹദ് ഫാസിലിനേയും പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. അറിയാതെ പറ്റിയ തെറ്റാണെന്നും വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ നോക്കിയിരുന്നത് മറ്റു ചിലര്‍ ആയിരുന്നുവെന്നുമായിരുന്നു ചോദ്യം ചെയ്യലില്‍ ഫഹദ് പറഞ്ഞത്. പിഴ അടക്കാൻ താൻ തയ്യാറാണെന്നായിരുന്നു ഫഹദ് ക്രൈം ബ്രാഞ്ചിനെ അറിയിച്ചത്.