സിപിഐയോട് വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം
സിപിഐ പ്രകോപനം തുടർന്നാൽ അതേ നാണയത്തിൽ നേരിടാൻ സിപിഎം
സിപിഐയോട് വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം. സിപിഐ അതേ നിലപാടില്‍ തന്നെ പോകുകയാണെങ്കില്‍ അതിനെ അതേ നാണയത്തിൽ നേരിടണമെന്ന അഭിപ്രായമാണ് ഇവിടെ ചേർന്ന പാർട്ടി സംസ്ഥാനസെക്രട്ടേറിയറ്റിലുണ്ടായത്.
സിപിഐയുടെ മന്ത്രിസഭായോഗ ബഹിഷ്കരണത്തിനെതിരെ വിമർശനങ്ങള്‍ യോഗത്തിലുണ്ടായി. സുപ്രധാനമായ അജൻഡ ചർച്ച ചെയ്ത യോഗത്തിൽനിന്നു വിട്ടുനിന്നതിന്റെ കാര്യവും ചോദ്യം ചെയ്യപ്പെട്ടു. സിപിഐയുടെ നടപടിയോട് ആ പാർട്ടിയിൽ തന്നെ എതിർപ്പുയരുന്നുവെന്ന നിഗമനവും യോഗത്തിലുണ്ടായി.
തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലിയുള്ള പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട് മുതിര്‍ന്ന സിപിഐ നേതാവ് കെഇ ഇസ്മയിൽ രംഗത്ത് വന്നിരുന്നു. ചാണ്ടി വിഷയത്തില്‍ സിപിഎമ്മും സിപിഐയും നേര്‍ക്കുനേര്‍ എത്തിയതിന് പിന്നാലെയാണ് കാനം രാജേന്ദ്രനെയും കൂട്ടരെയും സമ്മര്‍ദ്ദത്തിലാക്കുന്ന പ്രസ്‌താവനയുമായി ഇസ്മയിൽ എത്തിയത്.
സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിക്കുന്ന കാര്യം തന്നോട് പറഞ്ഞിരുന്നുവെങ്കിലും നേതൃത്വത്തില്‍ എല്ലാവരും ഇക്കാര്യം അറിഞ്ഞിരിക്കാനിടയില്ല. ഈ തീരുമാനം സിപിഐ ചര്‍ച്ച ചെയ്യും. തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ല. പ്രശ്നങ്ങള്‍ പരിശോധിക്കാനുള്ള സാവകാശം മാത്രമേ എടുത്തിട്ടുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ടെന്നും ഇസ്മയിൽ ചൂണ്ടിക്കാട്ടി.