എതിരാളികളെ ഉന്മൂലനം ചെയ്യുന്നത് സിപിഎം ശൈലി; അക്രമങ്ങൾ ആവർത്തിക്കുമ്പോള്‍ സർക്കാർ നോക്കി നിൽക്കുന്നു - ജെയ്റ്റ്ലി
അക്രമങ്ങൾ ആവർത്തിക്കുമ്പോള്‍ സർക്കാർ നോക്കി നിൽക്കുന്നു - ജെയ്റ്റ്ലി
രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്നത് സിപിഎം ശൈലിയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി. രാജ്യത്തിന്‍റെ ശത്രുക്കൾ പോലും ഇത്തരം ക്രൂരത ചെയ്യില്ല. സംസ്ഥാനത്ത് അക്രമങ്ങൾ ആവർത്തിക്കുമ്പോള്‍ സർക്കാർ നോക്കി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്‍റെ ശ്രദ്ധ എതിർ രാഷ്ട്രീയ ശക്തികളെ ഉന്മൂലനം ചെയ്യുന്നതിലാണ്. സിപിഎം ഇനിയെങ്കിലും ആത്മപരിശോധന നടത്തണം. ആർഎസ്എസ് പ്രവർത്തകൻ രാജേഷിന്‍റെ കൊലപാതകം ക്രൂരമായ രീതിയിലാണ് നടപ്പാക്കിയത്. അക്രമങ്ങളിലൂടെ കേരളത്തിലെ ദേശീയപ്രസ്ഥാനങ്ങളെ തകര്‍ക്കാനാവില്ല. സംസ്ഥാനത്തെ പ്രവര്‍ത്തകര്‍ക്ക് ദേശീയ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.
കേരളത്തില്‍ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണ്. ശത്രുരാജ്യങ്ങള്‍ യുദ്ധത്തില്‍ പോലും ചെയ്യാത്ത തരത്തിലുള്ള ക്രൂരതകളാണ് സിപിഎം ഇവിടെ ചെയ്യുന്നത്. ബിജെപി പ്രവർത്തകരോട് സിപിഎം കാണിക്കുന്ന അക്രമവും ക്രൂരതയും സർവ സീമകളും ലംഘിക്കുകയാണ്. സംഘടനാസ്വാതന്ത്ര്യം എല്ലാ പാർട്ടികൾക്കും ഉണ്ട്. ബിജെപിയുടെ കേരളത്തിലെ വളർച്ചയിൽ വിറളിപൂണ്ടാണ് സിപിഎം അക്രമം നടത്തുന്നതെന്നും രാജേഷിന്‍റെ വീട് സന്ദര്‍ശിച്ച ശേഷം ജെയ്റ്റ്‌ലി കൂട്ടുച്ചേര്‍ത്തു.