Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേന്ദ്ര സര്‍ക്കാരിന്റേത് ഉപരോധം, തിരുത്തേണ്ടത് തിരുത്തി മുന്നോട്ടുപോകും; തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരിച്ച് എം.വി.ഗോവിന്ദന്‍

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുന്നതിനു എന്തെല്ലാം വേണമെന്ന് ആലോചിക്കും

Pinarayi Vijayan and MV Govindan

രേണുക വേണു

, വ്യാഴം, 13 ജൂണ്‍ 2024 (22:36 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാര്യങ്ങള്‍ കൃത്യമായി പഠിക്കുമെന്നും തിരുത്തേണ്ടത് തിരുത്തി മുന്നോട്ടു പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം കേരളത്തില്‍ പല കാര്യങ്ങളും മുടക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിമര്‍ശനങ്ങളേയും തുറന്ന മനസ്സോടെ സ്വീകരിക്കുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുന്നതിനു എന്തെല്ലാം വേണമെന്ന് ആലോചിക്കും. തോല്‍വിക്ക് അടിസ്ഥാനമായ കാര്യങ്ങള്‍ കണ്ടെത്തി തിരുത്തുമെന്നും ഗോവിന്ദന്‍ മാഷ് പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ നടക്കുന്ന 'ഇഎംഎസിന്റെ ലോകം' എന്ന ദേശീയ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍: 
 
'ഇനി നമ്മള്‍ തോറ്റതുമായി ബന്ധപ്പെട്ട കാര്യം, നല്ലപോലെ തോറ്റു. തോറ്റിട്ട് ജയിച്ചെന്നു പറഞ്ഞിട്ട് കാര്യമുണ്ടോ? തോറ്റു. ഇനി നമ്മള്‍ എന്താ ചെയ്യേണ്ടത്? എന്തുകൊണ്ട് തോറ്റു എന്ന കാര്യം നല്ലതുപോലെ കണ്ടുപിടിക്കണം. ഒരുപാട് അഭിപ്രായങ്ങള്‍ വരുന്നുണ്ട്, ആളുകള്‍ ഫോണ്‍ ചെയ്തു പറയുന്നുണ്ട്, കത്തെഴുതി അയക്കുന്നുണ്ട്, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്, വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്..! ഒക്കെയുണ്ട്. എല്ലാം ഞങ്ങള്‍ സ്വീകരിക്കുകയാണ്. എല്ലാം സൂക്ഷ്മമായി പരിശോധിച്ച് എന്തൊക്കെ ഏതൊക്കെ രീതിയിലാണ് നമ്മുടെ ഈ തോല്‍വിക്ക് അടിസ്ഥാനമായിരിക്കുന്ന കാര്യങ്ങളെന്ന് കണ്ടെത്തുക തന്നെ ചെയ്യും. കണ്ടെത്തിയാല്‍ മാത്രം പോരാ, തിരുത്തണം. 
 
ഒരു കാര്യം ഞാന്‍ നിങ്ങളോട് പറയാം, കേന്ദ്ര ഗവര്‍ണമെന്റ് ഒരു ഉപരോധം പോലെ കേരളത്തിലെ ഗവര്‍ണമെന്റിനെ കൈകാര്യം ചെയ്യുകയാണ്. 57,000 കോടി ഉറുപ്പിക കഴിഞ്ഞ കൊല്ലം തരാന്‍ ഉള്ളത് തന്നിട്ടില്ല. 7,000 കോടി ഉറുപ്പിക കേന്ദ്ര ഗവര്‍ണമെന്റ് നമ്മളും കൂടി ചെലവാക്കിയതിന്റെ ഭാഗമായി കിട്ടേണ്ട പണവും തന്നിട്ടില്ല. ഇക്കൊല്ലവും അത് തന്നെയായിരിക്കും. സുപ്രീം കോടതിയില്‍ പോയതുകൊണ്ടാണ് പത്ത് പതിമൂവ്വായിരം കോടി കൂപ നമുക്ക് കിട്ടിയത്. ഇനിയും നിയമയുദ്ധം വേണ്ടിവരും. അതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള എംഎല്‍എമാരും എംപിമാരും ഡല്‍ഹിയില്‍ സമരം നടത്തിയത്. കേരളത്തിലെ മുഴുവന്‍ മന്ത്രിമാരും ഉള്‍പ്പെട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട സദസാണ് നടത്തിയത്. ഇങ്ങനെയെല്ലാം ചേര്‍ന്ന് നടത്തിയിട്ടും നമുക്ക് എല്ലാവര്‍ക്കും കൊടുക്കാനുള്ളത് കൊടുക്കാന്‍ സാധിച്ചിട്ടില്ല. 62 ലക്ഷം ആളുകള്‍ക്ക് കൊടുക്കേണ്ട പെന്‍ഷന്‍ കുടിശിക നമുക്ക് കൊടുക്കാന്‍ സാധിച്ചിട്ടില്ല, മറ്റു വിവിധ മേഖലകളില്‍ ഉള്ളവര്‍ക്ക് കൊടുക്കാനുള്ള ആനുകൂല്യങ്ങള്‍ നമുക്ക് കൊടുക്കാന്‍ സാധിച്ചിട്ടില്ല, അധ്യാപകര്‍ക്കുള്ള ഡിഎ നമുക്ക് കൊടുക്കാന്‍ സാധിച്ചിട്ടില്ല. ഓരോരോ ഘഡുവൊക്കെയാണ് കൊടുക്കുന്നത്. അംഗണ്‍വാടി, ആശ മേഖലയില്‍ ഉള്ള ആളുകള്‍ക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട്. ദുര്‍ബല ജനവിഭാഗം ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഈ സാമ്പത്തിക പരാധീനതയുടെ ഭാഗമായി കൊടുത്തു തീര്‍ക്കാന്‍ ആയിട്ടില്ല. അപ്പോള്‍ അവരൊക്കെ സംതൃപ്തരാണോ എന്ന് ചോദിച്ചാല്‍ അല്ല! അതൊക്കെ വോട്ടിനെ സ്വാധീനിച്ചിട്ടില്ലേ എന്ന് ചോദിച്ചാല്‍ സ്വാധീനിച്ചിട്ടുണ്ട്. ഇതൊന്നും കാണാതെ ഇരുന്നിട്ട് കാര്യമില്ല. ഇതൊക്കെ ഞങ്ങള്‍ കാണുന്നുണ്ട്. തുറന്ന മനസോടെ തുറന്ന കണ്ണോടെ കാണുകയാണ്. 
 
എല്ലാം പരിഹരിക്കാന്‍ ഗവര്‍ണമെന്റിനു ഇന്നത്തെ പരിതസ്ഥിതിയില്‍ സാധിക്കാത്ത സാഹചര്യമുണ്ട്. അത് കേന്ദ്ര ഗവര്‍ണമെന്റിന്റെ കാര്യമെന്ന നിലയില്‍ ജനങ്ങളുടെ മുന്നില്‍ ചൂണ്ടിക്കാണിച്ചാലും ഞാന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ ലഭിക്കേണ്ടവര്‍ക്ക് ലഭിക്കാത്ത സാഹചര്യമുണ്ട്. അതില്‍ ഞങ്ങള്‍ക്കാര്‍ക്കും തര്‍ക്കമില്ല. ഇതെല്ലാം മാറണം, മുന്‍ഗണന നിശ്ചയിക്കണം. ഏതിനാണ് ആദ്യം കൊടുത്ത് തീര്‍ക്കേണ്ടത് എന്ന് കാണണം. ഫലപ്രദമായ രീതിയില്‍ ഇടപെടല്‍ നടത്താന്‍ നമുക്ക് ആവണം. ഗവര്‍ണമെന്റിന്റെ പ്രവര്‍ത്തനം സജീവപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുന്നതിനു എന്ത് വേണമെന്ന് നാം ആലോചിക്കണം. ഇതെല്ലാം ഞങ്ങള്‍ ഗൗരവമായി ആലോചിക്കുമെന്നാണ് ഞാന്‍ തോല്‍വിയെ കുറിച്ച് പറയുമ്പോള്‍ സ്വയം വിമര്‍ശനമായി നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്.' 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുക്കുപണ്ടം പണയം വച്ചു പണം തട്ടിയെടുക്കാൻ ശ്രമിച്ച അഞ്ചംഗസംഘം പിടിയിൽ