തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ കുത്തിവയ്പ്പിന്റെ രണ്ടാം ദിനം 7891 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് 127 കേന്ദ്രങ്ങളിലുമായി 11,851 പേര്‍ക്കാണ് രണ്ടാം ദിവസം വാക്സിനേഷന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. ലക്ഷ്യം വച്ചവരില്‍ 66.59 ശതമാനം പേരാണ് വാക്സിന്‍ സ്വീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ 11 കേന്ദ്രങ്ങളിലും എറണാകുളം ജില്ലയില്‍ 8 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്സിനേഷന്‍ നടന്നത്. ചില ചെറിയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വാക്സിനേഷന്‍ പൂര്‍ത്തിയായതിനാല്‍ ജില്ലകളുടെ മേല്‍നോട്ടത്തില്‍ പുതിയ കേന്ദ്രങ്ങള്‍ സജ്ജമാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.
രണ്ടാംദിവസവും പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (657) വാക്സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 530, എറണാകുളം 442, ഇടുക്കി 508, കണ്ണൂര്‍ 643, കാസര്‍ഗോഡ് 476, കൊല്ലം 571, കോട്ടയം 500, കോഴിക്കോട് 652, മലപ്പുറം 656, പാലക്കാട് 657, പത്തനംതിട്ട 648, തിരുവനന്തപുരം 527, തൃശൂര്‍ 616, വയനാട് 465 എന്നിങ്ങനെയാണ് രണ്ടാം ദിനം വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിന്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഞായറാഴ്ച 57 പേരും വാക്സിനെടുത്തു. ഇതോടെ ആകെ 16,010 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിനേഷന്‍ സ്വീകരിച്ചത്.