കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയില്‍. കേരളത്തില്‍ കഴിഞ്ഞ അഞ്ച് ദിവസം തുടര്‍ച്ചയായി പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിനു മുകളിലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഹോട്ട്‌സ്‌പോട്ടുകളെ കണ്ടെത്തി അവിടങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും.
കേരളത്തിലെ 11 ജില്ലകളിലും കോവിഡ് കേസുകള്‍ ഉയരുന്നുവെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് എറണാകുളത്താണ്. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ 31 ശതമാനവും കേരളത്തില്‍ നിന്നാണെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. കോവിഡ് കേസുകള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.