കോവിഡ് മഹാമാരിയെ നേരിടുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം തദ്ദേശ സ്ഥാപനങ്ങളും വലിയ പങ്കുവഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുന്നംകുളത്ത് ഇ കെ നായനാര്‍ ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്സ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് പ്രതിസന്ധി കാലത്ത് കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറെ പ്രധാനപ്പെട്ട സമൂഹ അടുക്കള ലോകം ശ്രദ്ധിച്ച ഒന്നാണ്. അതോടൊപ്പം അതിഥിതൊഴിലാളികള്‍, അശരണര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങളും നടത്തി നാം മുന്നേറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചതോടെ മരണനിരക്കും കുറയ്ക്കുവാനായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഏറെ ജാഗ്രത വേണ്ട സമയമാണ്. ഇവിടെ നാം ക്ഷീണിച്ചു പോകരുത്. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സഹകരിക്കണമെന്നും പോലീസും ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കുന്നംകുളം നഗരസഭ ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്സ് വിവിധങ്ങളായ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ വിഭാവനം ചെയ്തത് സംസ്ഥാനത്തിന് മുതല്‍ക്കൂട്ടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.